ഹരിതസമൃദ്ധവും ശുചിത്വപൂര്‍ണവുമായ കേരളത്തിന്റെ വീണ്ടെടുപ്പിന് കോട്ടയം ജില്ല യഥാര്‍ത്ഥ മാതൃകയാണെന്ന് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ പറഞ്ഞു. ഹരിത കേരളം ജില്ലാ മിഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.പച്ചപ്പും ഫലസമൃദ്ധിയും വൃത്തിയും ഉറപ്പാക്കുന്നതില്‍ കോട്ടയം മുന്‍പന്തിയിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ജനകീയ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതിയുടെ ശരിയായ പരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഹരിത-ശുചിത്വ-പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് നിരവധി പുതിയ കര്‍മ്മ പദ്ധതികള്‍ പരിഗണനയിലുണ്ട്.
തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും നെല്ലും പച്ചക്കറിയും കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്തണം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിന് ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ സാധ്യതകള്‍ കണ്ടെത്തണം.
ഒഴുക്ക് നിലച്ച് കിടക്കുന്ന എല്ലാ നീര്‍ച്ചാലുകളിലും നീരൊഴുക്ക് സുഗമമാക്കുന്നതിന് ജനകീയ ഇടപെടല്‍ ശക്തമാക്കണം. കിണറുകള്‍ ഉണ്ടെങ്കിലും പൈപ്പിലും ടാങ്കറുകളിലും കിട്ടുന്ന വെള്ളത്തെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണം. എല്ലാ പഞ്ചായത്തിലും ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജല പരിശോധനാ ലാബ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണം വേണ്ടതുണ്ട്-ഡോ. ടി.എന്‍. സീമ പറഞ്ഞു.
ഹരിതചട്ടം പാലനത്തില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള അനുമോദന പത്രം അവര്‍ കൈമാറി. പനച്ചിക്കാട് സരസ്വതീ ക്ഷേത്രം മാനേജര്‍ കെ.നാരായണന്‍ നമ്പൂതിരി, കോട്ടയം ലൂര്‍ദ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് ആലുങ്കല്‍, സഹകരണ വകുപ്പ് ജില്ലാ രജിസ്ട്രാര്‍ പ്രസന്നകുമാര്‍ എന്നിവര്‍ അനുമോദന പത്രം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ഹരിത-ശുചിത്വ-പ്രളയരഹിത കോട്ടയം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ജലസേചന വകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. സുശീല, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഡോ. പുന്നന്‍ കുര്യന്‍, അഡ്വ. കെ അനില്‍ കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.