ഫയർ ആന്റ് റെസ്‌ക്യു സർവീസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫയർ ആന്റ് റെസ്‌ക്യു സർവീസ് സംസ്ഥാന സ്‌പോർട്‌സ് മീറ്റും ഡ്യൂട്ടി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫയർഫോഴ്‌സിന് ആവശ്യമായ ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും സർക്കാർ ഒരുക്കും. അതീവ പ്രാധാന്യത്തോടെയാണ് ഈ വിഭാഗത്തെ കാണുന്നത്. ജീവൻ വെടിഞ്ഞും സഹജീവികളെ രക്ഷിക്കാൻ ശ്രമിക്കുന്ന വിഭാഗമാണിത്. ഫയർ ഫോഴ്‌സ് ജീവനക്കാർക്ക് പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കും. അവഗണനയുടെ ഭരണമല്ല, പരിഗണനയുടെ ഭരണമാണ് സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. ഫയർ ആന്റ് റെസ്‌ക്യു വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ എൻ. പി. ജോൺ അദ്ധ്യക്ഷത വഹിച്ചു.
എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് ജീവനക്കാരാണ് രണ്ടു ദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നത്.