മറയൂർ: മറയൂർ നിവാസികളുടെ ദീർഘനാളത്തെ ആവശ്യവും ആദിവാസി വിഭാഗങ്ങളും നിരവധി സാധാരണക്കാരായ ജനങ്ങൾ വസിക്കുന്നതുമായ മറയൂർ പഞ്ചായത്തിൽ സർക്കാർ അനുവദിച്ച മാവേലി സ്റ്റോർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. മറയൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്ത് നിർമ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്‌സിലാണ് മാവേലിസ്റ്റോർ ആരംഭിച്ചത്. നിലവിലെ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 38 പഞ്ചായത്തുകളിൽ മവേലി സ്റ്റോറുകൾ ഇല്ലായിരുന്നു. ഒന്നര വർഷത്തിനിടെ സർക്കരിന്റെ ഇടപെടലിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കുന്ന പത്താമത്തെ മാവേലി സ്റ്റോറാണ് ഭക്ഷ്യ മന്ത്രി മറയൂരിൽ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ 1551 മത് മാവേലി സ്റ്റോറാണ് മറയൂരിലേത്.
മറയൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്.രാജേന്ദ്രൻ എം എൽ എ അധ്യക്ഷനായി. മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് ആദ്യവിൽപന നടത്തി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം മുഖ്യപ്രഭാക്ഷണം നടത്തി. സപ്ലൈക്കോ ജനറൽ മാനേജർ കെ. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സിറാണി രാജേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷാഹെൻട്രി ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ, സി.പി.ഐ എം മറയുർ ഏരിയ സെക്രട്ടറി വി.സിജിമോൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി എന്നിവർ പങ്കെടുത്തു. സപ്ലൈക്കോ മേഖലാ മാനേജർ ജോമോൻ വർഗീസ് നന്ദി പറഞ്ഞു