പുക്കാട്ടുപടിയിൽ ബംഗാൾ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ബംഗാളി, ഹിന്ദി ഭാഷകളിൽ ബോധവത്കരണ ക്‌ളാസ്സുകൾ നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന മലയിടംതുരുത്ത്, പെരുമ്പാവൂർ, വേങ്ങൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുവാൻ നവംബർ 18  മുതൽ 23 വരെ ആരോഗ്യവകുപ്പിന്റെ ‘കെയർ ഓൺ വീൽസ്’ വാഹനം പര്യടനവും ആരംഭിച്ചു. വാഹനപര്യടനം മലയിടംതുരുത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനിലാകുമാരി ഫ്ലാഗ് ഓഫ് ചെയ്തു.
ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും, സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന സംഘം ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെത്തി ബംഗാളി ഭാഷയിലുള്ള ബോധവൽക്കരണ വീഡിയോ പ്രദർശിപ്പിക്കുകയും ഹിന്ദിയിലും ബംഗാളിയിലും ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും, കുടിവെള്ളം, ആഹാരം എന്നിവ ശുചിത്വത്തോടെയും സുരക്ഷിതമായും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചുമാണ് ക്‌ളാസ്സുകൾ നടത്തിയത്. ബംഗാളി, ഹിന്ദി ഭാഷകളിലുള്ള ലഘുലേഘകളും വിതരണം ചെയ്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനിലകുമാരി, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി, ജെ.എച്ച്.ഐ മാരായ ബെന്നി, സജിൻ, ഹിലാൽ, സലിൽ, ശ്രീറാം എന്നിവർ നേതൃത്വം നൽകി. ആരോഗ്യവകുപ്പ്, ശുചിത്വ മിഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.