വികസന പദ്ധതികളുടെ നിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കി പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപദ്ധതി രൂപരേഖ സംബന്ധിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളുടെ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണം സാമ്പത്തിക വര്‍ഷം അവസാനം തിരക്ക് പിടിച്ച് നടത്തുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി തയ്യാറാക്കിയ കര്‍മ്മ പരിപാടികള്‍ക്ക് അനുസൃതമായി പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അടുത്ത അഞ്ച് വര്‍ഷം ജില്ലയുടെ സമഗ്രവികസനത്തിന് ഉപയോഗപ്പെടുത്തുന്ന മാര്‍ഗ്ഗരേഖ എന്ന നിലയില്‍ ജില്ലാപദ്ധതി വിശദമായ ചര്‍ച്ചകള്‍ക്കും ദീര്‍ഘവീക്ഷണത്തോടും രൂപപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
വികസന സെമിനാറില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സ്വപ്ന പദ്ധതികള്‍ പ്രായോഗികതലത്തില്‍ ഫലപ്രദമാക്കണമെങ്കില്‍ ഉള്‍ക്കാഴ്ചയോടെയുള്ള സമീപനം വികസന രേഖയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രണ രംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അവലംബിക്കുന്ന സമീപനങ്ങള്‍ക്ക് അനുസൃതമായി പദ്ധതി രേഖകളുടെ സമീപനത്തില്‍ മാറ്റം പ്രതിഫലിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. ആസൂത്രണ രംഗത്തെ പുതിയ നയസമീപനങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പദ്ധതി നിര്‍വഹണത്തില്‍ പ്രതിസന്ധിയുണ്ടാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഏപ്രിലില്‍ തന്നെ പദ്ധതി നിര്‍വഹണത്തിന് തുടക്കം കുറിക്കാന്‍ കഴിയുന്ന സാഹചര്യമുള്ളതെന്ന് മനസിലാക്കി മുന്‍കൂട്ടി പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് എം.പി പറഞ്ഞു.
ദീര്‍ഘകാല ലക്ഷ്യത്തോടെ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖകള്‍ അതത് വര്‍ഷത്തെ സാഹചര്യമനുസരിച്ച് പരിഷ്‌ക്കരിക്കപ്പെടുന്ന വിധമാണ് പദ്ധതികള്‍ രൂപപ്പെടുത്തുകയെന്ന് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.ടി അഗസ്റ്റിന്‍, ആസൂത്രണ ബോര്‍ഡ് സര്‍ക്കാര്‍ പ്രതിനിധി എം. ഹരിദാസ്, ജില്ലാ ആസൂത്രണ സമിതി ഫെസിലിറ്റേറ്റര്‍ എം.എം. ഷാഹുല്‍ഹമീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല , ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ അഗസ്റ്റ്യന്‍, ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ കെ.വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.