ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവം, ജനുവരി 19ന് രാത്രി, മാളികപ്പുറത്ത് നടന്ന ഗുരുതിയോടെ സമാപിച്ചു. ഹരിവരാസനം ചൊല്ലി നടയടച്ചതിന് ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുന്നാൾ രാജരാജവർമ്മയുടെ സാന്നിധ്യത്തിലാണ് ഗുരുതിതർപ്പണം നടന്നത്.
മഞ്ഞളും ചുണ്ണാമ്പും ചേർന്ന നിണമാണ് ഗുരുതി. ദേവ ചൈതന്യവർധന, തെറ്റുകുറ്റങ്ങൾക്ക് പ്രായശ്ചിത്തം എന്നിവയ്ക്കാണ് ഗുരുതി തർപ്പണം നടത്തുന്നത്. കീഴാചാരപ്രകാരം റാന്നി കുന്നയ്ക്കാട്ട് കുറുപ്പന്മാർക്കാണ് ഇതിനുള്ള അവകാശം. ജെ അജിത്കുമാർ, ജെ ജയകുമാർ, ജെ രതീഷ്‌കുമാർ എന്നിവരും സഹായികളും ചേർന്നാണ് ഇത്തവണ ഗുരുതി തയ്യാറാക്കി, തർപ്പണം നടത്തിയത്. ഗുരുതി കഴിഞ്ഞ്, രാജപ്രതിനിധി പോയശേഷം, രാത്രി പിന്നീടാർക്കും മാളികപ്പുറത്തേയ്ക്ക് പ്രവേശനമുണ്ടായില്ല.
20ന് പുലർച്ചെ നട തുറന്ന് ഗണപതി ഹോമത്തിന് ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാൾ രാജരാജവർമ്മ ദർശനം നടത്തി. മേൽശാന്തി നടയടച്ച് രാജപ്രതിനിധിക്ക് താക്കോൽ കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വർഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും ആചാരപ്രകാരം കൈമാറി. തിരുവാഭരണങ്ങൾ അതിനു മുമ്പായി തിരിച്ച് കാൽനടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ചു.