സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ റേഡിയോ കേരളയ്ക്കാവും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജില്ലകളിലെ വികസനവുമെല്ലാം പൊതുജനങ്ങളിലെത്തിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, റേഡിയോ കേരളയ്ക്ക് സാധിക്കുമെന്ന് ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. റേഡിയോ കേരളയുടെയും പി. ആർ. ഡിയുടെ നവീകരിച്ച വെബ് പോർട്ടലിന്റേയും ഉദ്ഘാടനവും സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അറിവ് പങ്കിടാനുള്ള പ്ലാറ്റ്‌ഫോം അനുദിനം വളരുകയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ വാർത്താവിനിമയ രംഗത്തെ കുത്തക അവസാനിച്ചു. വ്യാവസായിക വിപ്ലവത്തിനു ശേഷം ഏറ്റവും വലിയ വിപ്ലവമുണ്ടായത് സോഷ്യൽ മീഡിയിലാണ്. പണ്ടുകാലത്ത് അച്ചടി മാധ്യമങ്ങളും റേഡിയോയുമായിരുന്നു വാർത്തകൾ അറിയാനുള്ള മാർഗം. റേഡിയോ പോലും ആഡംബരമായിരുന്നു. പിന്നീട് ടെലിവിഷൻ വന്നു. ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരുന്ന വാർത്ത ന്യൂസ് ചാനലുകളുടെ വരവോടെ 24 മണിക്കൂറായി. ഉയർന്ന ഇന്റർനെറ്റ് സാക്ഷരതയുള്ള കേരളത്തിൽ പിന്നീട് വാർത്താ പോർട്ടലുകൾ വന്നു. ഇന്ന് മിക്കതും സെൻസേഷണലിസത്തിന്റെ പിന്നാലെ പോകുന്ന സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിന്റെ വികസന പദ്ധതികൾ എന്ന പുസ്തകത്തിന്റെ കവർ ചിത്രം വരച്ച ഭിന്നശേഷിയുള്ള നൂർ ജലീലയ്ക്ക് മന്ത്രി ഉപഹാരം നൽകി. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പ്രതിദിനം വ്യത്യസ്തമായ എട്ടു മണിക്കൂർ പരിപാടിയാണ് റേഡിയോ കേരളയിലുള്ളത്. ഇത് ഒരു ദിവസം വീണ്ടും ആവർത്തിച്ചു പ്രക്ഷേപണം ചെയ്യും.  www.radio.kerala.gov.in ലും മൊബൈൽ ആപ്പിലും റേഡിയോ ലഭിക്കും. പി. ആർ. ഡി. ഡയറക്ടർ യു. വി. ജോസ്, ഐ. ടി. മിഷൻ ഡയറക്ടർ ഡോ. എസ്. ചിത്ര, കൗൺസലർ പാളയം രാജൻ, പി. ആർ. ഡി അഡീഷണൽ ഡയറക്ടർ എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.