കേരള സർവകലാശാല ശാസ്ത്രമേഖലയിലെ അതുല്യ പ്രതിഭകൾക്ക് ഏർപ്പെടുത്തിയ ഡോക്ടർ ഓഫ് സയൻസ് ബിരുദം ചിന്താമണി നാഗേഷ് രാമചന്ദ്ര റാവു (സി.എൻ.ആർ റാവു)വിന് സമ്മാനിച്ചു. സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പ്രത്യേക ബിരുദസമർപ്പണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിരുദം സമ്മാനിച്ചു. ശാസ്ത്രലോകത്ത് പ്രത്യേകിച്ച് രസതന്ത്രമേഖലയിൽ സി.എൻ. കൈവരിച്ച നേട്ടങ്ങളെ ഗവർണർ അഭിനന്ദിച്ചു. റാവുവിനെപ്പോലുള്ള ശാസ്ത്രജ്ഞൻമാരുടെ ആത്മാർത്ഥയും പ്രതിജ്ഞാബദ്ധതയും എക്കാലവും ഓർമ്മിക്കപ്പെടുമെന്നും  അദ്ദേഹം പറഞ്ഞു. അറിവും വിദ്യാഭ്യാസവും സൂക്ഷിച്ചു കൈകാര്യം ചെയ്താൽ ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും ഗവർണർ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമല്ല അവയുടെ ഗുണമേൻമയാണ് വർധിക്കേണ്ടതെന്ന് മറുപടി പ്രസംഗത്തിൽ  ഡോ.സി. എൻ. ആർ. റാവു പറഞ്ഞു.  ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രത്യേകിച്ച് സ്ട്രക്ചറൽ കെമിസ്ട്രി, സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി എന്നീ രംഗത്ത് അദ്ദേഹത്തിന്റെ  മികവുറ്റ സംഭാവനകൾ കണക്കിലെടുത്താണ് സി.എൻ.ആർ റാവുവിന് സർവകലാശാലയുടെ 31-ാമത് ഓണററി ബിരുദം നൽകിയത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതിയുടെ മേധാവി കൂടിയായിരുന്ന അദ്ദേഹം  ഏകദേശം 1600 ഓളം ശാസ്ത്ര പ്രബന്ധങ്ങളും 51 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ലോകത്തിലെ എൺപതിലധികം സർവകലാശാലകളിൽ നിന്നും  ഡോക്ടർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുണ്ട്.

അറ്റോമിക് എനർജി കമ്മീഷൻ ഓഫ് ഇന്ത്യയിലെ മെമ്പറും, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലെ പ്രസിഡന്റും, കാലിഫോർണിയ, കേംബ്രിഡ്ജ് തുടങ്ങിയ സർവകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസറുമാണ.് ‘ഡോ.സയൻസ്’ എന്ന വിളിപ്പേരിലാണ് ശാസ്ത്രലോകം  അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്.  2013 ൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകി രാജ്യം ആദരിച്ചു.  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രോ-ചാൻസലറുമായ ഡോ.കെ.ടി ജലീൽ, വൈസ് ചാൻസലർ പ്രൊഫ. വി.പി.  മഹാദേവൻ പിള്ള, പ്രോവൈസ് ചാൻസലർ ഡോ. പി. പി. അജയകുമാർ, രജിസ്ട്രാർ ഡോ. സി. ആർ. പ്രസാദ്, സിൻഡിക്കേറ്റംഗം അഡ്വ. കെ. എച്ച് ബാബുജൻ, സെനറ്റ് അംഗങ്ങൾ, ഡീൻ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.