രാസ ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ ഫറോക്ക്് ഐ.ഒ.സി.എല്‍ ഡിപ്പോയ്ക്ക് സമീപം ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക് ഡ്രില്‍ നടത്തി.

ഡിപ്പോയില്‍ നിന്ന് പെട്രോള്‍ നിറച്ച ഒരു ടാങ്കര്‍, ഡിപ്പോയുടെ സമീപത്തുള്ള ഇ എസ് ഐ ഭാഗത്ത് നിന്നു വന്ന മറ്റൊരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയും തുടര്‍ന്നു പെട്രോള്‍ ലീക്ക് ചെയ്യുകയും തീ പിടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഉണ്ടായ അടിയന്തിര ഘട്ടത്തെ വിവിധ വകുപ്പുകളുടെ ഏകോപനതോടെ അപകടരഹിതമായി എങ്ങനെ നിയന്ത്രണവിധേയമാക്കും എന്നതായിരുന്നു മോക്ക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്.

ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിനും ഐ.ഒ.സി.എല്‍ പ്ലാന്റിലേക്കും വിവരം തത്സമയം കൈമാറുകയും കലക്ട്രേറ്റില്‍ ജില്ലാകലക്ടറുടെ അധ്യക്ഷതിയില്‍ ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് ഡെപ്യൂട്ടി കളക്ടരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തുകയും ചെയ്തു. ഫറോക് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തു എത്തുകയും അപകടവിവരം സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുകയും പ്രദേശത്തേക്കുള്ള വാഹനഗതാഗതവും ജനസഞ്ചാരവും നിര്‍ത്തി വെപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്ഥലത്തെത്തി തീയണക്കുന്നതിനു പരിശ്രമിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നിര്‍ദ്ദേശതെ തുടര്‍ന്നു ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സംഘം ആംബുലന്‍സില്‍, പരിക്കേറ്റവരെ തത്സമയം പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റുന്നതിനും നേതൃത്വം നല്‍കി. ആളപായവും ഗുരുതരമായ അപകടവും ഇല്ലാതെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമായതോടെ അപകടം ഒഴിവായതായി അറിയിച്ച് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഓള്‍ ക്ലിയര്‍ മെസേജ് നല്‍കുകയും രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും ചെയ്തു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍,ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് മേഖല ജോയിന്റ് ഡയറക്ടര്‍ ടി.ഐ ശിവന്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുലോചന ജി, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ സാജു മാത്യു എന്നിവര്‍ നീരീക്ഷകരായിയിരുന്നു. ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ പി.പ്രദീപ് കൂമാര്‍, മീഞ്ചന്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ഷിഹാബുദ്ദീന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ബാലരാജന്‍ കെ, മെഡിക്കല്‍ ഓഫീസര്‍ ധനുപ്.എസ്, പിസിബി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ഷമീമ ഷാഫി, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാധിക നായര്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ ടി.മോഹന്‍ദാസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അതാത് വകുപ്പുകളുടെ ചുമതല വഹിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റിവ്യൂ മീറ്റിംഗും നടത്തി. കമ്മ്യണിറ്റി സേഫ്റ്റി എവയര്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹിക സുരക്ഷിതത്വ ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു. ഐ.ഒ.സി.എല്‍ ഫറോക്ക്, എച്ച്.പി.സി.എല്‍ എലത്തൂര്‍, സ്‌നേഹ പെട്രോളിം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.