സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള  ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസ്സിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസ്സിലുണ്ട്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ നേരിട്ട് വന്ന് ഭക്ഷണം കഴിക്കുന്നു. 2000 പേര്‍ക്ക് പാഴ്‌സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്‌പെഷ്യല്‍ ഓഫീസറും അസി. സ്‌പെഷ്യല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര്‍ വേറെയുമുണ്ട്.

വ്യത്യസ്തമായ വിഭവങ്ങളാണ് ഓരോ ദിവസവും മാറി മാറി നല്‍കുന്നത്. പ്രാതലിന്.  ഉപ്പുമാവ്, ഇഡലി, ദോശ, ചപ്പാത്തി എന്നിവയുണ്ട്. ഗ്രീന്‍പീസ്, കടലക്കറി, കിഴങ്ങുകറി, ഇഡലിയ്ക്ക് ചമ്മന്തി എന്നിവയാണ് കറികള്‍. ഉച്ചയൂണിന് സാമ്പാര്‍, രസം, പുളിശ്ശേരി, മോര് എന്നിവ ഒഴിച്ചുകൂട്ടാന്‍ കൊടുക്കുന്നു. തീയലോ അവിയലോ ഓരോദിവസവും മാറി മാറി വിളമ്പും. വിവിധതരം തോരന്‍, മെഴുക്കുപുരട്ടി തുടങ്ങിയ ഏതെങ്കിലും ഒരു വിഭവമുണ്ടാകും. നാരങ്ങ, മാങ്ങ, നെല്ലിയ്ക്ക എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുള്ള അച്ചാറും നിര്‍ബന്ധമാണ്. രാത്രി കഞ്ഞിയും പയറുതോരനുമാണ്. വറ്റല്‍മുളകും തക്കാളിക്കറിയും കപ്പയുമൊക്കെ  ഉള്‍പ്പെടുത്താറുണ്ട്.

പ്ലേറ്റിനു ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസും വാങ്ങിച്ചിട്ടുണ്ട്. പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.