പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷീരകര്‍ഷക റാന്നി പുത്തന്‍വീട്ടില്‍ മേരിക്കുട്ടി ജോയിയെ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പൊന്നാട അണിയിച്ചു ആദരിച്ചു.
അടൂര്‍ കൊല്ലന്റെ തെക്കേതില്‍വീട്ടില്‍ ക്ഷീരകര്‍ഷകനായ വിജയനാണ് ജനറല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ചത്. 146552.7 ലിറ്റര്‍ പാലാണ് വിജയന്‍ സംഭരിച്ചത്. എസ്.സി, എസ്.ടി. വിഭാഗത്തില്‍ തിരുവല്ല നെടുംപറമ്പില്‍ വീട്ടില്‍ ജെസി കുഞ്ഞുമോന്‍ 6932 ലിറ്റര്‍ പാലാണ് സംഭരിച്ചത്. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടന്നു.
ജില്ലയില്‍ 2018-19ല്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച അപ്കോസ് വെച്ചൂച്ചിറ ക്ഷീരസംഘമാണ്.  വെച്ചൂച്ചിറ ക്ഷീരസംഘം 1596646.1 ലിറ്റര്‍ പാല് സംഭരിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച നോണ്‍ അപ്കോസ് സംഘം മണ്ണടി കെ.വി.സി.എസ് ആണ്. 192050.3 ലിറ്റര്‍ പാലാണ് മണ്ണടി കെ.വി.സി.എസ് സംഭരിച്ചത്. മികച്ച ഗുണനിലവാരമുള്ള ക്ഷീരസംഘം തടിയൂര്‍ ക്ഷീരസംഘമാണ്. മികച്ച ക്ഷീരസംഘം സെക്രട്ടറിക്കുള്ള അവാര്‍ഡ് മാവര ക്ഷീരസംഘത്തിലെ ആര്‍.രാജിക്കും ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് കെ.എം ജോസഫിനും നല്‍കി. 77597 ലിറ്റര്‍ പാലാണ് 2018-19 വര്‍ഷം ജോസഫ് സംഭരിച്ചത്.