ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലെയുള്ള പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമായ വ്യവസായങ്ങൾക്ക് യോഗ്യരായവരെ ലഭ്യമാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായമേഖലയും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം സംബന്ധിച്ച് വൈസ് ചാൻസലർമാരുമായി ചർച്ച നടത്തിയിരുന്നു.
അക്കാദമികരംഗത്തെ മാറ്റങ്ങൾ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ മാത്രമല്ല, എല്ലാ കോളേജുകളിലേക്കും വരണം എന്നതാണ് നിലപാട്. പുതിയ കോഴ്‌സുകളുടെ കാര്യത്തിൽ കെ-ഡിസ്‌ക്, ട്രിപ്പിൾഐടി എം-കെ തുടങ്ങിയ സ്ഥാപനങ്ങൾ നല്ലരീതിയിൽ ഇടപെടുന്നുണ്ട്. വിദ്യാഭ്യാസരീതികളിൽ നല്ല മാറ്റം വരണം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള നൂതന മേഖലകളിൽ യോഗ്യരായ ആളുകളെ കേരളത്തിൽ തന്നെ വളർത്തിയെടുക്കാനാകണം.
വിവരസാങ്കേതിക രംഗം നല്ലരീതിയിൽ വികസിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. നിലവിലുള്ളതിനുപുറമേ, ഒരു കോടി ചതുരശ്രഅടി സ്ഥലം ഐ.ടിക്കായി പുതുതായി ഒരുക്കുമെന്ന ലക്ഷ്യം 2020 ഓടെ പൂർത്തിയാക്കാനാകും. മുമ്പുണ്ടായിരുന്നതിനേക്കാൾ 50 ലക്ഷം ചതുരശ്ര അടിയിലധികം ഇതിനകം ഒരുക്കിക്കഴിഞ്ഞു. ഈ രംഗത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുക, പ്രമുഖ സ്ഥാപനങ്ങളെ കൊണ്ടുവരിക തുടങ്ങിയ വിഷയങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ട്. സോഫ്ട്‌വെയർ മാത്രമല്ല, ഹാർഡ്‌വെയർ രംഗത്തും മികച്ചരീതിയിൽ കേരളത്തിന് വളർച്ച കൈവരിക്കാനാകും. അതിനായി സൗകര്യങ്ങളൊരുക്കാനും പ്രത്യേക സ്ഥലങ്ങൾ മാറ്റിവെക്കാനും ഉദ്ദേശിക്കുന്നുണ്ട്.
സ്റ്റാർട്ടപ്പുകളെ പ്രോത്‌സാഹിപ്പിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും സർക്കാർ പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. ഇ-ഗവേണൻസിന്റെ വേഗത കൂട്ടി സർക്കാർ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനും നടപടികൾ എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നല്ലരീതിയിൽ ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനാകുന്ന മേഖലയാണ് ഐ.ടി. അതിനാനുപാതികമായി സ്ഥാപനങ്ങൾ വരണം. നിരവധി പ്രമുഖ കമ്പനികൾ വരുന്നത് നല്ല തുടക്കമാണ്. ഐ.ടി മേഖലയിലേക്ക് എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരും ഉയർന്നുവരണം. പാവപ്പെട്ട കുട്ടികൾക്കടക്കം പഠിച്ചുവളരാൻ കേരളത്തിൽ അന്തരീക്ഷമുണ്ട്.
വ്യവസായരംഗത്തും ഐ.ടി രംഗത്തുമുള്ളവർക്ക് കേരളത്തിലെ അന്തരീക്ഷം ഇത്തരം സ്ഥാപനങ്ങൾക്ക് അനുയോജ്യമാണെന്ന് ഈരംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ, അതല്ല അവസ്ഥ എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുണ്ട്. അതു മാറ്റിയെടുക്കാനാണ് നമ്മുടെ ശ്രമം.
സർക്കാർ സേവനങ്ങളിലും വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വേഗത കൈവരിക്കുന്നുണ്ട്. ഇ-ഗവേണൻസ് വ്യാപകമായതോടെ ഫയൽ തീർപ്പാക്കൽ, ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കൽ തുടങ്ങിയവയിൽ നല്ല വേഗമുണ്ടാക്കാനായിട്ടുണ്ട്. 2016ൽ ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിക്കാൻ ശരാശരി 175 ദിവസം എടുത്തിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോൾ ശരാശരി 22 ദിവസം കൊണ്ട് നടപടികൾ പൂർത്തിയാകുന്നുണ്ട്. ഇത് 100 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇ-ഗവേണൻസിന്റെ വേഗത കൂട്ടാൻ തന്നെയാണ് ഉദ്ദേശ്യം. സേവനങ്ങൾ ഓൺലൈനായി അപേക്ഷിച്ചാലും അപേക്ഷയുമായി തങ്ങളുടെ മുന്നിൽവരണം എന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടുകൾ മാറണം. എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഐ.ടി വികസനത്തിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് മിഷൻ, കെ-ഡിസ്‌ക് പോലുള്ളവ വഴി അനേകം നൂതന പദ്ധതികൾ, സഹായങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്. ഇതെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുെട കാര്യത്തിൽ മികച്ച പുരോഗതി ഉണ്ടാക്കാനായി, സ്റ്റാർട്ടപ്പുകൾക്ക് മികച്ച പ്രചോദനവുമായി. മാത്രമല്ല, നമ്മുടെ സ്റ്റാർട്ടപ്പുകളെ രാജ്യമാകെയും രാജ്യത്തിനുപുറത്തും അംഗീകരിക്കുന്ന നിലയാണുള്ളത്. സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികസഹായം നൽകുന്നതിലും സർക്കാർ മികച്ച ഇടപെടലാണ് നടത്തുന്നത്. 2200 ലേറെ സ്റ്റാർട്ടപ്പുകളിലുമായി 20,000 പേർ ജോലി ചെയ്യുന്നത് ചെറിയ കാര്യമല്ല.
മലയാളികൾ സാർവദേശീയതലത്തിൽ ഐ.ടി ഉൾപ്പെടെ പല പ്രധാന സ്ഥാനങ്ങളിലുമുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തി കേരളത്തിന്റെ ഐ.ടി വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജപ്പാനിലുൾപ്പെടെ വ്യവസായികളുടെ സംഗമത്തിൽ സംബന്ധിച്ചപ്പോൾ കേരളത്തിലേക്ക് നിരവധി നിക്ഷേപ വാഗ്ദാനങ്ങളാണ് വന്നത്.
എല്ലായിടത്തും ഇൻറർനെറ്റ് നിഷേധിക്കുന്ന സാഹചര്യമുള്ളപ്പോൾ കേരളം ഇൻറനെറ്റ് പൗരാവകാശമാണ് എന്ന് പ്രഖ്യാപിച്ച് വ്യാപിപ്പിക്കുകയാണ്. കെ-ഫോൺ ശൃംഖല യാഥാർഥ്യമാകുന്നതോടെ നല്ലനിലയ്ക്ക് ഇൻറനെറ്റ് സൗകര്യമൊരുങ്ങുകയാണ്. പലതിനുമുള്ള മറുപടിയാണ് കെ-ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പരിതസ്ഥിതിയിൽ തദ്ദേശസ്ഥാപനങ്ങൾ കൂടി വ്യവസായങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന നില വരണം. തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഗൗരവമായി ഇടപെട്ട് പരിഹരിക്കുന്നുണ്ട്.
ഒരു ഭാഗത്ത് സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം മേഖലയെ ശാക്തീകരിക്കുന്നതിനും നടപടിയെടുക്കുന്നുണ്ട്. ഐ.ടി രംഗത്തുള്ളവർക്ക് സാമൂഹ്യമായ പശ്ചാത്തലങ്ങളും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കും.
ഐ.ടി വികസനത്തിന് സർക്കാർ ചെയ്യുന്ന കാര്യങ്ങൾ മേഖലയിലാകെ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത ഐ.ടി വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നൽകുന്ന സഹായങ്ങൾ ഉപയോഗപ്പെടുത്തിയാണ് തങ്ങൾക്ക് ലോകശ്രദ്ധനേടും വിധം വളരാനായതെന്ന് സ്റ്റാർട്ടപ്പ് രംഗത്തുനിന്ന് ചർച്ചയിലെത്തിയവർ അഭിപ്രായപ്പെട്ടു.
ചർച്ചയിൽ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ എസ്.ഡി. ഷിബുലാൽ, ഐ.ബി.എസ് മേധാവി വി.കെ. മാത്യൂസ്, സോഫ്ട്‌വെയർ ഇൻകുബേറ്റർ ഇൻകോർപറേറ്റ് സി.ഇ.ഒ മാറ്റ് കുമാർ, ഇൻആപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ അമർനാഥ് രാജ, സ്റ്റാർവാ ടെക്‌നോളജീസ് എം.ഡി ജാൻസി ജോസ്, ജൻറോബോട്ടിക്‌സ് സി.ഇ.ഒ വിമൽ ജി., റാപ്പിഡോർ ടെക്‌നോളജീസ് ചീഫ് ഇവാഞ്ചലിസ്റ്റ് തോംസൺ സ്‌കറിയ തയ്യിൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. ജോൺ ബ്രിട്ടാസാണ് പരിപാടിയുടെ അവതാരകൻ.