കണ്ണൂർ: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍  വീട്
സര്‍ക്കാര്‍  പദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അദാലത്തുകള്‍ സഹായിക്കുമെന്നും  പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും വ്യവസായ കായിക ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.

കോളയാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ ലഭിച്ച  234 പരാതികളില്‍ 64 എണ്ണവും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടവയായിരുന്നു.  വീടും സ്ഥലവും ഇല്ലാത്തവര്‍ ലൈഫ് പദ്ധതിയിലേക്ക് പരിഗണിക്കുവാന്‍ നല്‍കിയ അപേക്ഷകളാണ് ഇതിലേറെയും.  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വീടുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

വികസനാവശ്യങ്ങള്‍ക്കുള്ള പൊതുജന പരാതികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍,  കടാശ്വാസം, ചികിത്സ സഹായങ്ങള്‍, റേഷന്‍ കാര്‍ഡ്,  റവന്യു, റോഡ്, കെഎസ്ഇബി, ക്ഷീര വകുപ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിച്ചത്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ വന്നു.

ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റോഡ് വികസനത്തിന് സ്ഥലങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണം പ്രവര്‍ത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനെന്നും  മന്ത്രി നിര്‍ദ്ദേശിച്ചു. റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക്  അടിയന്തിരമായി കാര്‍ഡുകള്‍ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

186 പരാതികളാണ് പഞ്ചായത്തിന് നേരത്തെ ലഭിച്ചത്. 48 പരാതികള്‍ മന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചു. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ പരിഹരിക്കപ്പെടാത്ത പരാതികള്‍ ഗ്രാമപഞ്ചായത്ത് പരിശോധിച്ച്  തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത്  രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കോളനികളില്‍ താമസിക്കുന്ന കലാ-കായിക രംഗങ്ങളില്‍ കഴിവ് തെളിയിക്കുന്ന  കുട്ടികള്‍ക്ക് പരിശീലനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ടകാര്യങ്ങള്‍ ചെയ്യുമെന്നും കോളയാട് പഞ്ചായത്തിനെ പശുഗ്രാമം ആക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശങ്കരന്‍ അധ്യക്ഷനായി. വിവിധ വകുപ്പുതല  ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.