ഭാഷയും സംസ്‌കാരവും കലാവിരുതും രുചിയും സമ്മേളിക്കുന്ന സരസ് മേളയില്‍ ഏറെ  ശ്രദ്ധേയമാവുകയാണ്  പശ്ചിമ ബംഗാളിന്റെ കരകൗശല സ്റ്റാളുകള്‍.  ചണം കൊണ്ടുള്ള വിവിധ  ഉല്പന്നങ്ങളും ആഭരണങ്ങളും തുണിത്തരങ്ങളുമായാണ് മിട്ടു കാനാറും സര്‍ത ഘോഷും മേളയിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കരകൗശല മേളകളില്‍ പങ്കെടുക്കുന്ന ഇവര്‍ കേരളത്തില്‍ എത്തുന്നത് ആദ്യമായാണ് .

പശ്ചിമ ബംഗാള്‍ കോട്ടന്‍സാരികള്‍ക്ക് അഞ്ഞൂറുരൂപ മുതലാണ് വില. വേറിട്ട ഡിസൈനുകളിലുള്ള ഈ സാരികള്‍ക്ക് ആവശ്യക്കാരേറെയാണ്. ചണം കൊണ്ട് നിര്‍മ്മിച്ച പല വലുപ്പത്തിലുള്ള ബാഗുകള്‍, സഞ്ചികള്‍, എന്നിവയ്ക്കു പുറമെ വീടുകളിലേക്കുള്ള അലങ്കാര വസ്തുക്കളും ഇവിടെയുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള കല്ലുകള്‍, ബ്ലാക്ക് മെറ്റല്‍ തുടങ്ങിയവയില്‍ തീര്‍ത്ത ആഭരണങ്ങള്‍ തേടി നിരവധിയാളുകളാണ്  എത്തുന്നത്. ക്ലേ, മുത്തുകള്‍ തുടങ്ങിയവ കൊണ്ടാണ് മാലകള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ഏറെ ആകര്‍ഷണീയമായ കമ്മലുകള്‍, ഹെയര്‍ ബാന്റുകള്‍ തുടങ്ങിയവയും സ്റ്റാളിലുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കരകൗശല പരിശീലന പരിപാടികളിലൂടെയാണ് ഇവര്‍ ഈ മേഖലയില്‍ എത്തുന്നത്. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നും നിര്‍മ്മിച്ച ഉല്പന്നങ്ങള്‍ മൊത്തവ്യാപാരികള്‍ക്കു നല്‍കുകയാണ് ചെയ്തിരുന്നതെങ്കിലും  സരസ്‌പോലുള്ള മേളകള്‍ തങ്ങള്‍ക്ക് നേരിട്ട് വില്പന നടത്താനുള്ള അവസരങ്ങള്‍ സമ്മാനിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.  നാലോളം സ്റ്റാളുകളിലായാണ് പശ്ചിമ ബംഗാളിന്റെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇനിയൊരവസരം കൂടി ലഭിച്ചാല്‍ കേരളത്തിലേക്ക് വരണമെന്നാണ് ഇവരുടെ ആഗ്രഹം.