മലയാളസാഹിത്യം ആധുനികവത്കരിക്കുന്നതിൽ പ്രവാസി സാഹിത്യകാരൻമാർ വഹിച്ചത് വലിയ പങ്ക് – മുഖ്യമന്ത്രി 

മലയാളസാഹിത്യവും സാഹിത്യഭാഷയും ആധുനികവത്കരിക്കുന്നതിൽ പ്രവാസി സാഹിത്യകാരൻമാർ വഹിച്ചത് വലിയ പങ്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ സംഘടിപ്പിച്ച ‘പ്രവാസി സാഹിത്യ സമ്മേളനം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറംലോകം എന്തെന്നറിഞ്ഞവരും കലഘട്ടത്തിന്റെ ഗതിവേഗം മനസിലാക്കിയവരുമായ പ്രവാസിസാഹിത്യകാർ ഇരുളിൽകിടക്കുന്നവരെ ബോധവത്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ ഉത്പതിഷ്ണുത്വത്തോടെ മുന്നോട്ടുനയിക്കുന്ന പ്രവണതയും, ഒട്ടും മുന്നോട്ടുപോകാതെ തിരിഞ്ഞുനടക്കുന്ന പിന്തിരിപ്പൻ പ്രവണതയും കാണാനാകും. ഇരുട്ടിലേക്കും അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തിരികെ കൊണ്ടുപോകാനുള്ള പ്രവണത ഗൗരവമായി കാണണം. ലോകം പുരോഗതിയുടെ മൂന്നാം സഹസ്രാബ്ദ ഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക പുരോഗതികളുമായി കുതിക്കവേ അതിനൊപ്പം നമുക്കും മുന്നോട്ടുപോകാനാകണം. അല്ലെങ്കിൽ സമൂഹം ഇരുട്ടറയിൽ അടഞ്ഞുകിടക്കുന്ന അവസ്ഥ വരും. ഇക്കാര്യത്തിൽ പ്രവാസി സാഹിത്യകാരൻമാർക്ക് പങ്ക് വഹിക്കാനാകും. ഏറെ ഉത്കൃഷ്ടമായ കൃതികൾ പ്രവാസി സാഹിത്യലോകത്തുനിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്കുള്ളിലെ പ്രവാസം ഉജ്ജ്വലമായ സാഹിത്യകാരൻമാരെയും സാഹിത്യസൃഷ്ടികളെയും സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഡൽഹിയിൽനിന്ന് വലിയൊരു സാഹിത്യനിര തന്നെ ഉയർന്നുവന്നു. ഓംചേരി, മാധവിക്കുട്ടി, വി.കെ.എൻ, എം. മുകുന്ദൻ, ആനന്ദ്, ഒ.വി. വിജയൻ, സച്ചിദാനന്ദൻ തുടങ്ങി അനേകർ ഈ നിരയിലുണ്ട്. ഇവർ ഒരു പ്രദേശത്തുമാത്രമല്ല, ഇന്ത്യയിലാകെ ഉയർന്നുനിൽക്കുന്നവരാണ്. ഗൾഫ് പ്രവാസം തീവ്രമായ അനുഭവാത്മ സാഹിത്യമാണ് പകർന്നുനൽകിയത്. കത്തുപാട്ട് മുതൽ ആടുജീവിതം വരെ ഉദാഹരണങ്ങളാണ്.

ഒരുഘട്ടത്തിൽ മലയാളത്തിൽ ആവർത്തന വിരസതയുണ്ടായപ്പോൾ വേറിട്ട ശൈലി വളർത്തിയത് പ്രവാസി സാഹിത്യമാണ്. പുറംലോകത്ത് പോകുമ്പോഴാണ് നാടിനെക്കുറിച്ചും ഭാഷയെക്കുറിച്ചും സ്നേഹം വളരുന്നത്.

നവകേരള നിർമാണത്തിന്റെ ഈയവസരത്തിൽ പ്രവാസി സാഹിത്യകാരൻമാരുടെ അഭിപ്രായങ്ങളും സ്വപ്നങ്ങളും പങ്കുവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ: വി. മധുസൂദനൻ നായരെ മുഖ്യമന്ത്രി ആദരിച്ചു. കവി പ്രഭാവർമ ആദരഭാഷണം നടത്തി.

ചെയ്യുന്ന കർമം അൽപമെങ്കിലും ഫലവത്താകുന്നു എന്ന ധന്യതയാണ് പുരസ്‌കാരലബ്ധിയിലൂടെ ലഭിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ കവി പ്രൊഫ: വി. മധുസൂദനൻ നായർ പറഞ്ഞു. ഓരോ കുട്ടിക്കും മാതൃഭാഷ തന്റെ മൊഴിയാണെന്ന് ബോധ്യത്തോടെ ഉച്ഛരിക്കാനുള്ള ആത്മശക്തി നമ്മൾ പകർന്നുനൽകണെമന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻമാരായ ബെന്യാമിൻ, മാനസി, എ.പി അഹമ്മദ്, വി. മുസാഫർ അഹമ്മദ്, പി.കെ. പാറക്കടവ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: വി. കാർത്തികേയൻ നായർ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ: സുജ സൂസൻ ജോർജ്, യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു തുടങ്ങിയവർ സംബന്ധിച്ചു.പ്രശസ്ത എഴുത്തുകാർ പങ്കെടുത്ത സാഹിത്യ സമ്മേളനവും തുടർന്ന് സമാന്തര സെഷനുകളായി നടന്നു.