ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ചലച്ചിത്ര താരം ടി. ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നീ അംഗങ്ങളും സന്നിഹിതരായിരുന്നു.
തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സിനിമ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകള്‍ കമ്മിഷന്‍റേതായുണ്ട്.
ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഢനത്തിനിരയാകുന്ന അനുഭവങ്ങളും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമാവ്യവസായത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവര്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെടാറില്ല.
ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കു നേരെ സൈബര്‍ ഇടങ്ങളിലും സൈബര്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങള്‍ കമ്മിഷന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രശ്നങ്ങള്‍ പരിശോധിച്ച കമ്മിഷന്‍ ശക്തമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റം ചെയ്യുന്നവര്‍ക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തില്‍ നിന്നും വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനും നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ശാരദ, കെ.ബി. വല്‍സല കുമാരി എന്നിവരുടെ അഭിപ്രായങ്ങളും വിശദമായി റിപ്പോര്‍ട്ടിലുണ്ട്.