ഇരുപതു വര്‍ഷമായി തരിശ് കിടന്ന കുടയംപടി മള്ളൂര്‍ പാടത്ത് കര്‍ഷകര്‍ വിത്ത് വിതച്ചു. 60 ഏക്കര്‍ വരുന്ന പാടത്ത് കൃഷി വകുപ്പും പാടശേഖര സമിതിയും ചേര്‍ന്ന് ജനകീയ കൂട്ടായ്മയിലാണ്  വിത ഉത്സവം നടത്തിയത്. ഇതോടെ അയ്മനം സമ്പൂര്‍ണ്ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. കെ ആലിച്ചന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ ബാലചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. അനീഷ്കുമാര്‍  കൃഷി ഓഫീസര്‍മാരായ ജോത്സ്യന മോള്‍ കുര്യന്‍, നസ്സിയ സത്താര്‍, പാടശേഖര സമിതി ഭാരവാഹികളായ എം.പി. ദേവപ്രസാദ്, പി.വി. അനില്‍ കുമാര്‍, രാജു കുര്യന്‍ എന്നിവര്‍  സംസാരിച്ചു.

കൃഷിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപയും ഇറിഗേഷന്‍ വകുപ്പ് നാല് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.