ഒളിമ്പിക്സിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കും- മന്ത്രി ഇ.പി.ജയരാജൻ
ഒളിമ്പിക്സിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്ന് കായികവകുപ്പ് മന്ത്രി ഇ. പി. ജയരാജൻ. കായികരംഗത്ത് കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 2019 ലെ ഖേലോ ഇന്ത്യ വിജയികൾക്ക്(അണ്ടർ 17, അണ്ടർ 21 വിഭാഗം) പുരസ്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന് ഫലകവും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മന്ത്രി സമ്മാനിച്ചു. സംസ്ഥാനത്തെ കായികമേഖലയിൽ കുതിപ്പും ക്ഷേമവുണ്ടായ വർഷമാണ് കടന്നു പോയതെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ കായിക മേഖലയിലും നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. ലോക നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയങ്ങൾ, നിർമ്മിച്ചതും ഈ കാലയളവിലാണ്. ഗുവാഹത്തിയിൽ നടക്കുന്ന ഖേലോ ഇന്ത്യ മത്സരങ്ങളിൽ ഇരുന്നൂറിലധികം കായികതാരങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇവർക്ക് യാത്രയ്ക്കായി വിമാന സർവ്വീസുൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച സ്കൂളുകൾക്കും, വ്യക്തിഗത ചാമ്പ്യൻമാർക്കും, പരിശീലകർക്കുമുള്ള ഉപഹാരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു. കായികവകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാന കായികോത്സവം വിജയകരമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ഡയറക്ടർ ജെറോമിക് ജോർജ്ജ്, പൊതുവിദ്യഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ്കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.