റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാകേണ്ടത് സമ്പദ്ഘടനയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള റിയൽ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയൽ എസ്‌റ്റേറ്റ് രംഗത്ത് മാന്ദ്യമുണ്ടായാൽ അത് സാമ്പത്തിക മേഖലയെ ബാധിക്കും. സാമ്പത്തികനയത്തിന്റെ ഭാഗമായ പ്രശ്‌നങ്ങൾ റിയൽ എസ്‌റ്റേറ്റ് മേഖലയേയും പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്ത് റിയൽ എസ്‌റ്റേറ്റ് മേഖല കണ്ണഞ്ചിപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. മധ്യതല കുടുംബങ്ങളുടെ ഭവന നിർമാണത്തിനാവശ്യത്തിന് വലിയ പ്രയോജനം ഇതിലൂടെയുണ്ടായി.
നമ്മുടെ നാട്ടിൽ റിയൽ എസ്‌റ്റേറ്റ് മേഖലയെ മാഫിയ ചേർത്താണ് വിളിക്കുന്നത്. എന്നാൽ അത്തരമൊരു വിശേഷണത്തിന് അർഹമാകേണ്ട ഒന്നല്ല ഈ മേഖല. നാടിന്റെ ഉന്നതിക്കായുള്ള നിരവധി സഹായകരമായ പ്രവർത്തനം ഈ മേഖലയിൽ നിന്ന് ഉണ്ടാകുന്നു. ചിലർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആക്ഷേപത്തിന് ഇരയായത്. ഫലപ്രദമായ നിയന്ത്രണമില്ലാത്തതിനാൽ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടായെന്നത് വസ്തുതയാണ്. ഉപഭോക്താക്കൾക്ക് ഇതുമൂലം പല നഷ്ടങ്ങളുമുണ്ടായി.

തട്ടിപ്പ് നടന്നതിനുശേഷം നടപടിയെടുക്കുന്നതിലല്ല, തട്ടിപ്പ് നടക്കാതിരിക്കുന്നതിനാണ് റിയൽ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഊന്നൽ നൽകുന്നത്. നിയമങ്ങൾ ഉപഭോക്താവിന് നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ നടപടികളെല്ലാം അതോറിറ്റി സ്വീകരിക്കും. അതോറിറ്റി വരുന്നതോടെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കർശന നിയന്ത്രണങ്ങളോടെ ഉപഭോക്താവിന് ഗുണകരമായ സ്ഥിതി സംജാതമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. അതോറിറ്റി ചെയർമാൻ പി. എച്ച് കുര്യൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ക്രഡായ് കേരള ചെയർമാൻ കൃഷ്ണകുമാർ, എ. കെ. സി. എ. എ പ്രസിഡന്റ് ജോയ് പത്താടൻ, അതോറിറ്റി അംഗം പ്രീത പി. മേനോൻ എന്നിവർ സംബന്ധിച്ചു.