ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നിസ്സഹകരണ സമരം പ്രഖ്യാപിക്കുമായിരുന്നു- സച്ചിദാനന്ദൻ
മഹാത്മ ഗാന്ധിജി ഇന്ന് ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി കെ. സച്ചിദാനന്ദൻ. ലോക കേരള സഭയുടെ ഭാഗമായി ‘ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തെയും ജനത പൂർണമായി അവിടെ ജനിച്ചുവളർന്നവരല്ലെന്ന് ഓപ്പൺഫോറത്തിൽ സംസാരിച്ച കവി സച്ചിദാനന്ദൻ പറഞ്ഞു. അനേകം സ്വത്വബോധങ്ങളാണ് സമ്മിശ്രമാണ് നമ്മുടെ സ്വത്വം. ആരാണ് ഇന്ത്യാക്കാർ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ, പല കുടിയേറ്റങ്ങളിലൂടെയുമാണ് ഇന്ത്യൻ ജനത രൂപപ്പെട്ടതെന്ന് നാം തിരിച്ചറിയണം. ദേശ, രാഷ്ട്ര രൂപീകരണത്തിനുശേഷമാണ് പൗരത്വമെന്നത് സ്വത്വ പ്രശ്‌നമായത്.
പൗരത്വത്തിന് രേഖകൾ ഹാജരാക്കേണ്ട സാഹചര്യം വന്നാൽ അതിൽ താനുൾപ്പെടെയുള്ളവർ നിസ്സഹകരിക്കും. അക്രമരഹിതമായി അങ്ങനെയാണ് പ്രതികരിക്കാനാവുന്നത്.പൗരത്വത്തെ വ്യത്യസ്ത രീതിയിൽ നിർവചിക്കാനാണ് ഇപ്പോഴുള്ള ശ്രമം. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് തിരിച്ചറിയണം. അതിനെ ഇല്ലാതാക്കാനാണ് ശ്രമം.
മതാധിഷ്ഠിത സംസ്‌കാരമെന്ന പൗരത്വമാണ് സൂചിപ്പിക്കുന്നതെങ്കിൽ ആദിവാസികളെ എങ്ങനെ മതത്തിൽ നിർവചിക്കും
ഇന്ത്യയുടെ സ്വത്വത്തെയും ജനാധിപത്യത്തെയും വൈവിധ്യത്തെയും ബാധിക്കുമെന്ന തിരിച്ചറിവാണ് ഇന്ത്യൻ യുവതയെ പ്രതിഷേധത്തിലേക്കിറക്കിയത്. ഒരു പ്രശ്‌നത്തിന്റെ മൂന്നു മാനങ്ങളാണ് ജനാധിപത്യം, പൗരത്വം, കുടിയേറ്റം എന്നിവ.
പൗരത്വം തെളിയിക്കേണ്ട സാഹചര്യം വന്നാൽ ഇന്ത്യയെ ഇന്ത്യയാക്കിയ ഏറ്റവും താഴേത്തട്ടിലുള്ള ദരിദ്രരെയും ദളിതരെയും ആദിവാസികളെയുമായിരിക്കും കൂടുതൽ ബാധിക്കുക.
സാങ്കേതിക വിദ്യയുടെയും ഇൻറർനെറ്റിന്റെയും വളർച്ചയുടെ ഈ കാലഘട്ടത്തിൽ ഇന്ന് എവിടെയിരുന്നാലും നമുക്ക് മലയാളിസ്വത്വം കാത്തുസൂക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.1947ൽ റാഡ്ക്ലിഫ് ഭൂപടത്തിൽ വരച്ച വര തീർത്ത അതിർത്തികളാണ് ഇന്ത്യയുടേതെന്ന് ശബ്ദമിശ്രകനും ഓസ്‌കർ അവാർഡ് ജേതാവുമായ റസൂൽ പൂക്കുട്ടി പറഞ്ഞു. ഒരു വരയിൽ നിങ്ങൾ ആരുമല്ലാതായി തീർന്ന ആ കാലം അത്ര പഴയതല്ല. പൗരത്വം തെളിയിക്കണമെന്ന് പറയുമ്പോൾ ഇന്ത്യയുടെ സംസ്‌കാരം എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കണം. ഒരു രാജ്യാതിർത്തികൾക്കും സംസ്‌കാരത്തെ നിർവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റദിവസം കൊണ്ട് ഇന്ത്യൻ പൗരൻമാർ അല്ലാതായ ഒരുപാടുപേർ കേരളത്തിൽ തന്നെ ഉണ്ടായിരുന്ന കാര്യം നാം ഓർമിക്കണമെന്ന് ചലച്ചിത്രകാരനും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. തന്റെ ‘പരദേശി’ എന്ന ചിത്രം പറഞ്ഞത് അത്തരക്കാരുടെ കഥയാണ്. കുടിയേറ്റം അപകടകരമായ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണ്. മലയാളി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ കുടിയേറ്റം നമുക്ക് ഒരുപാട് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തികമായും ജീവിത നിലവാരമുയർത്തുന്നതിലും ഒരുപാട് സഹായിച്ചു. കുടിയേറ്റക്കാരാണ് ഈ നാടിന്റെ പട്ടിണി മാറ്റിയത്, അവരെ നിസാരക്കാരായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
സജീവമായ ജനാധിപത്യം ഇന്ത്യയിൽ തുടരുന്നതിന് കാരണം ശക്തമായ ഭരണഘടനയാണെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ പറഞ്ഞു. എല്ലാത്തിനുമുള്ള മറുപടി ഭരണഘടനയിലുണ്ട്. കുടിയേറ്റം ഏതുകാലത്തും ചർച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.ആഗോള നാടോടിയായാണ് സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ആഫ്രിക്കയിൽ താമസിക്കുന്ന മാധ്യമപ്രവർത്തക കൂടിയായ മേതിൽ രേണുക പറഞ്ഞു.
പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും ഇത്തരം സമ്മേളനങ്ങൾ സാമ്പത്തിക, സാമൂഹ്യ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള വേദികളാകണം. ഇന്ത്യയെ താൻ കണ്ടെത്തിയത് ആഫ്രിക്കൻ വാസത്തിലൂടെയാണെന്നും അവർ പറഞ്ഞു.
കുടിയേറ്റക്കാരെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും മനസിലാക്കണമെങ്കിൽ നമ്മളാദ്യം കുടിയേറ്റക്കാരാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് വിനോദ് നാരായണൻ (വല്ലാത്ത പഹയൻ) പറഞ്ഞു. ജനാധിപത്യത്തിൽ നമുക്കും ഒരു പങ്കുണ്ടെന്നതാണ് പൗരത്വം കൊണ്ട് ജനങ്ങൾ വിശ്വസിക്കുന്നത്. അത് നഷ്ടപ്പെടുമ്പോൾ അവരുടെ പങ്കാളിത്തമാണ് നഷ്ടമാകുന്നത്. പൗരനിൽ നിന്ന് കുടിയേറ്റക്കാരനായി തിരിഞ്ഞുനടത്തം നമ്മൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ജനതകളും കുടിയേറ്റങ്ങളിലൂടെയാണ് രൂപപ്പെട്ടതെന്നും തങ്ങളുടേതായ സ്വത്വം അവകാശപ്പെടാൻ ഒരു ജനതയ്ക്കും സംസ്‌കാരത്തിനും കഴിയില്ലെന്നും ഓപ്പൺഫോറം പൊതുവിൽ അഭിപ്രായപ്പെട്ടു. രാഷ്ട്രങ്ങളും അതിരുകളും നിർവഹിച്ചശേഷമുള്ള സ്വത്വവും പൗരത്വവും മാത്രമാണ് എല്ലാവർക്കുമുള്ളതെന്ന് പാനലിലുള്ളവർ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു മോഡറേറ്റർ. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ ആമുഖപ്രഭാഷണം നടത്തി. യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം സ്വാഗതം പറഞ്ഞു.