റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭരണഘടനയെക്കുറിച്ച് പൗരന്‍മാരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ‘ഇന്ത്യ എന്ന റിപ്പബ്ലിക്’ ക്യാംപെയിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്‌ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു. ഭരണഘടനയുടെ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. സാക്ഷരതാ പഠിതാക്കളിലൂടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പ്രാദേശികമായി പ്രചരിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ഓരോരുത്തരേയും ബോധവാന്‍മാരാക്കുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ക്യാംപെയ്‌ന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ 30 വരെ സംസ്ഥാനതലത്തില്‍ നടത്തുന്ന കലാജാഥ ജനുവരി 21 ന് ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. 21ന് രാവിലെ 10.30ന് പറളി, വൈകീട്ട് നാലിന് വാണിയംകുളം, ആറിന് ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക. ജനുവരി 25ന് അട്ടപ്പാടിയിലെ സാക്ഷരതാ കോളനികള്‍, നവചേതന, സാക്ഷരതാ പ്രേരക്മാരുടെ കോളനികള്‍ എന്നിവിടങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. സാക്ഷരതാ പ്രേരകുമാര്‍, കോഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ദീപാ ജെയിംസ്, അസിസ്റ്റന്റ് കോഡിനേറ്റര്‍ പാര്‍വതി, സാക്ഷരതാമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വിജയന്‍ മാസ്റ്റര്‍, അട്ടപ്പാടി സ്‌പെഷല്‍ കോഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.