സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണ്ണിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ ആരംഭിച്ചു. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിന്റെ (കേരി) നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. പ്രളയ കാലത്തും മറ്റുമായി ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ ഡാമില്‍ അടിഞ്ഞുകൂടിയ  ചെളിയും മണലും കാരണം സംഭരണശേഷി എത്ര കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തുകയാണ് സര്‍വ്വേയുടെ ലക്ഷ്യം.

ജോ. ഡയറക്ടര്‍ രമ, ഡെപ്യൂട്ടി  ഡയറക്ടര്‍ കെ.കെ.ഷിനി, അസി. ഡയറക്ടര്‍മാരായ കെ എസ് ധന്യ, എസ് എസ്  റോഷ്‌നി, റിസര്‍ച്ച് അസിസ്റ്റന്റ് ഫ്രാന്‍സ് വി.ആന്റണി, ഓവര്‍സിയര്‍മാരായ സാജു ഡേവിസ്, ദിവേഷ് എന്നിവരടങ്ങിയ സംഘമാണ് സര്‍വ്വേ നടത്തുന്നത്.
ഇന്റഗ്രേറ്റഡ് ബാതിമെട്രിക് സര്‍വ്വേ സിസ്റ്റം ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. എക്കോ സൗണ്ടറും, ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റവും ( ഡി.ജി.പി.എസ്) കേരിയില്‍ നിന്ന് പ്രത്യേകമായി സര്‍വേയ്ക്കായി തയ്യാറാക്കി കൊണ്ടുവന്ന പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച ബോട്ടിന്റെ സഹായത്തോടെയാണ് സര്‍വ്വേ നടത്തുന്നത്. സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയുടെയും മണലിന്റെയും അളവ് കണക്കാക്കുന്നത്.

ബോട്ടില്‍ സര്‍വേ ആവശ്യത്തിനായി സജ്ജമാക്കിയ പ്രത്യേക ഉപകരണങ്ങള്‍

22 ചതുരശ്ര കിലോമീറ്ററാണ് മലമ്പുഴ അണക്കെട്ടിന്റെ ചുറ്റളവ്. ദിവസവും ഒരു ചതുരശ്ര കിലോമീറ്റര്‍ വീതമാണ് പഠനം നടത്തുന്നത്. ഏകദേശം 20 ദിവസത്തിനുള്ളില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ഷിനി പറഞ്ഞു. എന്നാല്‍ പാലക്കാടന്‍ കാറ്റിന്റെ സാന്നിധ്യം സര്‍വേക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ജലസേചന വകുപ്പിന് കീഴിലുള്ള മലമ്പുഴ ഡാമിന് 226 മില്ലി മീറ്റര്‍ ക്യൂബ് സംഭരണശേഷിയാണുള്ളത്. പാലക്കാട് നഗരസഭയിലും സമീപപ്രദേശത്തെ ഏഴ് പഞ്ചായത്തുകളിലും ആവശ്യമായ കുടിവെള്ളം ഡാമില്‍ നിന്നാണ് നല്‍കുന്നത്. കൂടാതെ ജില്ലയിലെ 22,000 ഹെക്ടര്‍ സ്ഥലത്തെ കൃഷിയും  മലമ്പുഴ ഡാമിലെ വെള്ളം ആശ്രയിച്ചാണ് നടത്തുന്നത്. 2005 ലും 2014 ലും നടത്തിയ സര്‍വേയില്‍ ഡാമിന്റെ സംഭരണശേഷി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഡാമിലെ ചെളി നീക്കം ചെയ്ത് സംഭരണശേഷി വര്‍ധിപ്പിച്ച് കൃഷിക്ക് കൂടുതല്‍ ജലം ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്.