കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആനക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന മഴമറ (റെയിന്‍ ഷെല്‍ട്ടര്‍) പദ്ധതിയുടെ ഭാഗമായി തൈ നടീല്‍ പ്രവര്‍ത്തനം നടന്നു. യുവകര്‍ഷകനും മാധ്യമ പ്രവര്‍ത്തകനുമായ വിനു കുമ്പിടിയും ജൈവകൃഷി പിന്തുടരുന്ന പിതാവ് സോമശേഖരനും ചേര്‍ന്ന്് രണ്ടര ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിക്കുന്നത്. മഴമറ നിര്‍മ്മാണ ചെലവിന്റെ 50 ശതമാനം തുക കൃഷിഭവന്‍ മുഖേന സബ്‌സിഡി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം ചെലവിലാണ് മഴമറ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പദ്ധതിപ്രകാരം 50000 രൂപ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു രവീന്ദ്രകുമാര്‍ തൈ നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോസിലിന്റ് പദ്ധതി വിശദീകരണം നടത്തി.


കൂടാതെ പെരുമ്പലം പാടശേഖരത്ത് നടത്തുന്ന ഹൈബ്രിഡ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തൈ നട്ടു നിര്‍വഹിച്ചു. 50 സെന്റ് സ്ഥലത്താണ് കര്‍ഷകര്‍ ഹൈബ്രിഡ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. പദ്ധതിപ്രകാരം വിത്ത് വാങ്ങുന്നതിനുള്ള തുക കൃഷിഭവന്‍ മുഖേന അനുവദിച്ചിരുന്നു. ഒരു ഏക്കറിന് 8000 രൂപ വീതമാണ് തുക നല്‍കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി ചെയ്യുന്നതിനുള്ള നിലം ഒരുക്കുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളായ രാജു, പ്രഭാവതി, ചന്ദ്രന്‍, കൃഷി ഓഫിസര്‍ സുരേന്ദ്രന്‍, അഗ്രി അസിസ്റ്റന്റുമാരായ ബാലകൃഷ്ണന്‍, ഗിരിഷ്, ഹരിപ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.