ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബദല്‍ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്  കുടുംബശ്രീ ജില്ലാ മിഷന്‍ നടപടികള്‍ ആരംഭിച്ചു.   തുണിസഞ്ചി, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള നിര്‍മ്മാണത്തിനായി ജില്ലാതല കണ്‍സോര്‍ഷ്യം രൂപീകരിക്കും. ജില്ലയില്‍ നിലവിലുള്ള നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
എല്ലാ യൂണിറ്റുകളിലും ഒരേ ഗുണമേډയോടെ ഒരേ വിലയില്‍ തുണിസഞ്ചികള്‍ ലഭ്യമാക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യല്‍ ജോലികള്‍ക്കായി കിടങ്ങൂരില്‍ ആരംഭിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്‍ററിന്‍റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.
മാഞ്ഞൂര്‍, കരൂര്‍, പാമ്പാടി, കടുത്തുരുത്തി, തിരുവാര്‍പ്പ്, അയ്മനം, പുതുപ്പള്ളി, കുമരകം, തലയോലപ്പറമ്പ്, ഞീഴൂര്‍, വൈക്കം മുനിസിപ്പാലിറ്റി എന്നീ സി.ഡി.എസുകള്‍ക്ക് കീഴില്‍ തുണിസഞ്ചിയും പേപ്പര്‍ ബാഗുകളും നിര്‍മിക്കുന്ന 16 യൂണിറ്റുകളുണ്ട്. മൂന്നു വര്‍ഷം  മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചവയും ഇക്കൂട്ടത്തിലുണ്ട്.
ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ചാണ് ഈ യൂണിറ്റുകളില്‍ ഉത്പന്ന നിര്‍മാണം. അളവിനും ഡിസൈനിനും അനുസരിച്ച് ഒന്നിന് 10 രൂപ മുതല്‍ 75 രൂപ വരെയുള്ള   സഞ്ചികള്‍ ലഭ്യമാണ്. സഞ്ചികള്‍ തൂക്കി വില്‍ക്കുന്ന യൂണിറ്റുകളുമുണ്ട്.  ഇവയ്ക്കു പുറമെ 25ഓളം    തയ്യല്‍ യൂണിറ്റുകളെയും പ്രാരംഭഘട്ടത്തിലുള്ള പത്തോളം ക്യാരി ബാഗ് യൂണിറ്റുകളെയും   കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തും.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഹരിതകര്‍മ്മസേന വഴി വീടുകളില്‍ എത്തിക്കുന്ന തുണി സഞ്ചികളുടെ നിര്‍മ്മാണത്തിലും കുടുംബശ്രീ പങ്കാളികളാകുന്നുണ്ട്. നൈപുണ്യ പരിശീലന ഏജന്‍സിയുടെ സഹകരണത്തോടെ 100ലധികം കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണിസഞ്ചി നിര്‍മ്മാണ പരിശീലനം നല്‍കിയിട്ടുണ്ട്.  സഞ്ചികളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി കുടുംബശ്രീ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓര്‍ഡര്‍ സ്വീകരിക്കുന്നുമുണ്ട്.