കാക്കനാട്: വനിത ശിശു വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ കളക്ടറേറ്റിലെ ഒരേ ഓഫീസിൽ പ്രവർത്തനം തുടങ്ങി. ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.
വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാ വനിത ശിശുവികസന ഓഫീസ്, വനിത സംരക്ഷണ ഓഫീസ്, ജില്ലാ ശിശുസംരക്ഷണ ഒഫീസ് എന്നിവയാണ് കളക്ടറേറ്റിലെ ഗ്രൗണ്ട് ഫ്ലോറിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. സംയോജിത ശിശു വികസന ഓഫീസ് കളക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിച്ചു വരുന്നുമുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് വനിത ശിശു വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ ഒരുമിച്ച് ഒറ്റ ഓഫീസിൽ പ്രവർത്തിക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും സേവനങ്ങളുമെല്ലാം സമഗ്രമായും എളുപ്പത്തിലും ആവശ്യക്കാരിലെത്തിക്കാൻ ഇതുവഴി സാധിക്കും.
ജില്ലാ വനിത ശിശു വികസന ഓഫീസർ ജെബീൻ ലോലിത സെയ്ൻ, വനിത സംരക്ഷണ ഓഫീസർ എം.എസ്.ദീപ, ശിശു സംരക്ഷണ ഓഫീസർ കെ.ബി.സൈന, സംയോജിത ശിശു വികസന ജില്ലാ പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി, സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം എം.പി. ആൻറണി തുടങ്ങിയവർ പങ്കെടുത്തു.