ലോക കേരള സഭ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നന്ദി അറിയിച്ചു.  ലോക കേരള സഭ കേരളത്തിന്റെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രശസ്തരുൾപ്പെടെയുള്ള നിരവധി പേർ സമ്മേളനത്തിനെത്തി.

കേരളം ജനാധിപത്യ ലോകത്തിന് നൽകിയ ശ്രദ്ധേയമായ ഉത്പന്നമാണ് ലോക കേരള സഭ. ഇതൊരു ചർച്ചാവേദി മാത്രമല്ല, ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പാക്കാനുള്ള സന്നദ്ധത സർക്കാർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ലോക കേരള സഭയ്ക്ക് പുതിയ വികാരം നൽകിയതായി സ്പീക്കർ പറഞ്ഞു.
പൗരസമൂഹം ശക്തിപ്പെടുമ്പോഴാണ് നാട് ശക്തിപ്പെടുക. പ്രവാസികളെ സംബന്ധിച്ച നിയമത്തിൽ സഭയുടെ അഭിപ്രായം രൂപീകരിക്കാനാണ് കരട് രേഖ അവതരിപ്പിച്ചത്. ലോകകേരള സഭയുമായി പ്രതിപക്ഷത്തെ സഹകരിപ്പിക്കാൻ തുടർന്നും ശ്രമിക്കുമെന്ന് സ്പീക്കർ പറഞ്ഞു.