സഹകരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല ഉദ്ഘാടനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വഹിച്ചു. കാര്‍ഷിക സംസ്‌കൃതി വര്‍ധിപ്പിക്കുന്നതിന് ജില്ലയില്‍ ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ മുതല്‍ക്കൂട്ടാണെന്ന് അവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പാരമ്പര്യമുള്ള പാലക്കാടിന്റെ അടിസ്ഥാന ജീവിത മാര്‍ഗമായ കൃഷിയുടെ സുസ്ഥിരമായ വളര്‍ച്ച സഫലമാക്കുന്നതില്‍ ഹരിത കേരളം മിഷന്‍ ഏറെ സഹായകമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയുടെ താളക്രമത്തില്‍ വന്ന വ്യതിചലനത്തെ കൃത്യമായി പ്രകൃതി ഓര്‍മപ്പെടുത്തിയിട്ടുണ്ടെന്നും പ്രകൃതിക്ക് അനുസരിച്ച് ജീവിക്കാനും കൃഷി മേഖല മുന്നോട്ടു പോവുന്നതിനും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവിഭാജ്യമാണെന്ന് ശില്‍പശാല വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന്റെ ശക്തമായ തിരിച്ചു വരവില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്നും കൃഷിയും ഭൂവിനിയോഗവും നിയമാനുസൃതമായി നിയന്ത്രിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും ശില്‍പശാല ഓര്‍മപ്പെടുത്തി. തുടര്‍ന്ന് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിവിധ സഹകരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വീഡിയോകള്‍ ശില്‍പശാലയില്‍ പ്രദര്‍ശിപ്പിച്ചു.
കേരള സംസ്ഥാന സഹകരണ ബാങ്ക് പാലക്കാട് ജനറല്‍ മാനേജര്‍ ജില്‍സ് മോന്‍ ജോസ്, പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അനിത. ടി. ബാലന്‍, ഹരിത കേരളം ടെക്‌നിക്കല്‍ ഓഫീസര്‍ (കൃഷി) വി.വി. ഹരിപ്രിയാ ദേവി, നബാര്‍ഡ് ഡി.ഡി.എം ലാലു.പി.എന്‍. കുട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ സെയ്തലവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ- ഓപ്പറേറ്റീവ് ഓഡിറ്റ് കെ. ഉദയഭാനു, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, സെപൂട്ടി രജിസ്ട്രാര്‍ (ഭരണം) എം. ശബരിദാസന്‍ എന്നിവര്‍ സംസാരിച്ചു.