സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അനുവദിച്ച വായ്പ ഇളവിന് ശേഷമുള്ള കുടിശ്ശിക മൂന്ന് മാസത്തിനകം അടച്ചുതീര്‍ക്കണമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു . അഗളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല ഭവന നിര്‍മ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭവന നിര്‍മ്മാണ വായ്പ കുടിശ്ശികയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ഇളവ് അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അദാലത്തില്‍ പരമാവധി ആനുകൂല്യ ഇളവ് നല്‍കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അദാലത്തില്‍ നിര്‍ദേശിക്കുന്ന തുക മൂന്ന് മാസത്തിനകം ഗഡുക്കളായോ അല്ലാതെയോ അടച്ചുതീര്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിശ്ചിത സമയ പരിധിക്ക് ശേഷം ഒരു വിട്ടുവീഴ്ചയും ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് കടക്കെണിയിലാണെന്നും വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാത്തതാണ് ഇതിന് കാരണം എന്നും മന്ത്രി വ്യക്തമാക്കി. ഈയിനത്തില്‍ 214 കോടി രൂപയാണ് ബോര്‍ഡിന്റെ ബാധ്യത. ഹഡ്‌കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ബോര്‍ഡ് വ്യക്തികള്‍ക്ക് തുക അനുവദിച്ചിരുന്നത്. എന്നാല്‍ വ്യക്തികള്‍ വായ്പ തിരിച്ചടക്കാതായതോടെ ബോര്‍ഡിന് ഹഡ്‌കോയിലേക്ക് പണം നല്‍കാന്‍ കഴിയാതായി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 13 ജില്ലകളിലും അദാലത്ത് പൂര്‍ത്തീകരിച്ചതായും പാലക്കാട് ജില്ലയിലെ ആകെ 126 ഫയലുകളില്‍ നിന്നായി 2019 ഡിസംബര്‍ വരെ ലഭിക്കേണ്ട കുടിശ്ശിക 14.58 കോടിയാണ്. അതില്‍ അട്ടപ്പാടി മേഖലയിലെ അഞ്ചു വില്ലേജുകളിലെ 73 ഫയലുകളില്‍ ആയി മൊത്തം 10.26 കോടി രൂപയാണ് കുടിശ്ശിക തുക. അദാലത്തില്‍ 47 ഫയലുകള്‍ തീര്‍പ്പാക്കുകയും ഗുണഭോക്താക്കള്‍ക്കായി 7 കോടിയുടെ ഇളവ് കുടിശ്ശികയില്‍ അനുവദിക്കുകയുമുണ്ടായി. അട്ടപ്പാടി മേഖലയില്‍ നിന്നും വായ്പയെടുത്ത 73 ഗുണഭോക്താക്കളെയാണ് അദാലത്തില്‍ പരിഗണിച്ചിരുന്നത്.
ഇതില്‍ 69 പേര്‍ അദാലത്തില്‍ ഹാജരായി. 47 പേരുടെ കുടിശ്ശികയാണ് തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ തീര്‍പ്പാക്കുന്നത്. ബാക്കി വന്ന 57 കുടിശ്ശികക്കാര്‍ക്കുള്ള അദാലത്ത് പാലക്കാട് സംഘടിപ്പിക്കും. സംസ്ഥാനത്ത് വായ്പ കുടിശ്ശിക അദാലത്ത് നടത്തുന്ന 14 മത് ജില്ലയാണ് പാലക്കാട്. 2004 മുതല്‍ 2018 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിയാത്തവര്‍ക്കായാണ് അദാലത്ത് സംഘടിപ്പിച്ചത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഭവന നിര്‍മ്മാണ ബോര്‍ഡ് അധികൃതരും ചേര്‍ന്ന് കുടിശ്ശികക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് അദാലത്തില്‍ ആനുകൂല്യ ഇളവ് അനുവദിക്കുന്നത്. ജീവിത രീതി, സാമ്പത്തിക ശേഷി, തിരിച്ചടവ് ശേഷി, ആരോഗ്യം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കാളിയമ്മ, അഗളിബപുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, ജോതി അനില്‍കുമാര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറി – ഹൗസിംഗ് കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗങ്ങളായ കെ. പി.സുരേഷ് രാജ്, റസാഖ് മൗലവി, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കെ.പി കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം സി. രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം പരമേശ്വരന്‍, ഭവന നിര്‍മ്മാണ ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.എന്‍.റാണി എന്നിവര്‍ സംസാരിച്ചു.