മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മണ്ണാര്‍ക്കാട് പഴേരി ഓഡിറ്റോറിയത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തായത്തിനെ മറ്റു ബ്ലോക്ക് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും ജനങ്ങളുടെ പാര്‍പ്പിട സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ലൈഫ് മിഷനിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. കെ.വി വിജയദാസ് എം.എല്‍.എ, പി.ഉണ്ണി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി.ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ നൂറുശതമാനം വീടുകള്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സമയബന്ധിതമായി വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളെയും ലൈഫ് പദ്ധതി പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കിയ വി.ഇ.ഒമാരെയും യോഗത്തില്‍ ആദരിച്ചു. വിവിധ വകുപ്പുകള്‍ മുഖേന അദാലത്തില്‍ ലഭിച്ച പരാതികള്‍ പരിഹരിച്ചു. തുടര്‍ന്ന് പാലക്കാട് റിഥം ഓര്‍ക്കസ്ട്രയുടെ കലാവിരുന്നും നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറക്കോട്ടില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.മണികണ്ഠന്‍, ജയശ്രീ, ഇല്യാസ് താളിയില്‍, രജി ടീച്ചര്‍, കെ.സാവിത്രി, ഖമറുല്‍ ലൈല, കെ.പി ഹംസ, പി.അലവി, ചന്ദ്രിക രാജേഷ്, വി.പ്രീത, രാജന്‍ ആമ്പാടത്ത്, യൂസഫ് പാലക്കല്‍, കെ.പി മൊയ്തു, എ.ജംഷീന, എം.അവറ, പി.അമ്മു, രാധ ടീച്ചര്‍, എന്‍ രാമകൃഷ്ണന്‍, എന്.രുഗ്മണി, പി.സലീന, രതീഷ് ആര്‍.ദാസ് എന്നിവര്‍ സംസാരിച്ചു.