മുളന്തുരുത്തി: വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം അനൂപ് ജേക്കബ്ബ് എം.എൽ.എ നിർവ്വഹിച്ചു. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയത്തിലൂന്നി 2020 ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ തരിശ് ഭൂമിയിൽ കൃഷി വ്യാപിപ്പിക്കും.

വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായിഅധ്യാപകർ, പത്രപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽഉള്ളവർക്ക് സൗജന്യ പച്ചക്കറി വിത്തുകളും പച്ചക്കറിതൈകളും വിതരണം ചെയ്തു.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമന്റെ അദ്ധ്യക്ഷതയിൽ എടയ്ക്കാട്ടുവയൽ ഫാർമേഷ്സ് ഹാളിൽ നടന്ന യോഗത്തിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിസന്റ് ജെസ്സി പീറ്റർ, വൈസ് പ്രസിഡന്റ് സജി കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം ആശ അച്യുതൻ, ജില്ലാ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ദിലീപ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു നായർ പി.എ, എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ സാലി പീറ്റർ എന്നിവർ പ്രസംഗിച്ചു.