സൗദി അറേബ്യയിലെ  അൽമോവാസാറ്റ് മെഡിക്കൽ സർവ്വീസിലേയ്ക്ക് തിരുവനന്ത പുരം നോർക്ക റൂട്ട്‌സിന്റെ ആസ്ഥാന കാര്യാലയത്തിൽ നടന്ന ഓൺലൈൻ  റിക്രൂട്ട്‌മെന്റിൽ 13  നഴ്‌സിംഗ് ഉദ്യോഗാർത്ഥികളെ  തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക്  ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തുകൾ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി കൈമാറി.
തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക്  ഏകദേശം 77,000 രൂപ (4050 സൗദി റിയാൽ) ശമ്പളവും സൗജന്യ താമസവും, ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.
ജി.സി.സി രാജ്യങ്ങളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് സർവ്വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 2019  ഫെബ്രുവരിയിൽ എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് സർവ്വീസ് ആരംഭിച്ചത്. നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ റിക്രൂട്ട്‌മെന്റ് സേവനം അതിവേഗത്തിൽ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നഴ്‌സിംഗ് മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കി  ഉദ്യോഗാർത്ഥികളെ വിദേശ തൊഴിൽദാതാക്കളുമായി  നേരിട്ട് ബന്ധപ്പെടുത്തി  സുതാര്യവും അതിവേഗവുമായ റിക്രൂട്ട്‌മെന്റ് പ്രക്രിയയാണ് നോർക്ക റൂട്ട്‌സ് ലക്ഷ്യമിടുന്നത്.
അൽമോവാസാറ്റ് മെഡിക്കൽ സർവ്വീസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് ഓൺലൈനായാണ്  നടത്തുന്നത്.  ഇതുവരെ 13 റിക്രൂട്ട്‌മെന്റുകളിലായി  150 ഓളം നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന ഈ ആശുപത്രിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. 60 ഓളം പേർ ഇതിനകം ജോലിയിൽ പ്രവേശിച്ചു. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി അനുബന്ധ സേവനങ്ങളായ അറ്റസ്റ്റേഷൻ, മെഡിക്കൽ ചെക്കപ്പ്, വിസ സ്റ്റാമ്പിംഗ്, എമിഗ്രേഷൻ ക്ലിയറൻസ് തുടങ്ങിയവ ഉടൻ പൂർത്തിയാക്കും.
എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് സർവ്വീസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ norkaksa19@gmail.com ലേയ്ക്ക് ബയോഡേറ്റകൾ സമർപ്പിക്കാം.