പ്രളയ ദുരിതാശ്വാസത്തിനായുള്ള അപ്പീല്‍ അപേക്ഷകളില്‍ വിവരശേഖരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായകമായ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുടെ അഭിനന്ദനം.
പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ഫിലിപ് തോമസും ജോണ്‍ വര്‍ക്കിയും ചേര്‍ന്നാണ് ഭാവം (ഫ്ളഡ് അപ്പീല്‍ ആപ്ലിക്കേഷന്‍ വേരിഫിക്കേഷന്‍) എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. അധ്യാപകരായ ജൂബിലന്‍റ് ജെ. കിഴക്കേത്തോട്ടം, ടിബിന്‍ തോമസ്, ജസ്റ്റിന്‍ മാത്യു എന്നിവര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി.
2018ലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി കോട്ടയം കളക്ടറേറ്റില്‍ മൂന്നാം ഘട്ടമായി ലഭിച്ച 48000 അപ്പീല്‍ അപേക്ഷകളുടെ വിവരശേഖരണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന് ആപ്ലിക്കേഷന്‍ സഹായകമായി. വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സംഘം അപേക്ഷകരുടെ വീടുകളിലെത്തി വിശദാംശങ്ങള്‍ മൊബൈല്‍ ഫോണില്‍ തത്സമയം രേഖപ്പെടുത്തുകയായിരുന്നു.
ഫിലിപ്പ് തോമസിനും ജോണ്‍ വര്‍ക്കിക്കും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സര്‍ട്ടിഫിക്കറ്റ് നല്‍കി. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറയും സന്നിഹിതയായിരുന്നു.