പാലക്കാട്: ഭരണഘടനയുടെ മഹത്വവും മൂല്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ  കീഴില്‍ സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ്,  സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി,  ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ സാക്ഷരത പദ്ധതിയായ ഇന്ത്യ എന്ന റിപ്പബ്ലിക് പരിപാടിയുടെ ഭാഗമായാണ് കലാജാഥ ജില്ലയില്‍ എത്തിയത്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം ഓരോ ഇന്ത്യന്‍ പൗരനും ബാധകമാണ്.  ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ഭരണഘടനയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യേണ്ട സമയമാണിതെന്ന് കലാജാഥ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി പറഞ്ഞു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ അധ്യക്ഷനായി.

ഭരണഘടനാ സാക്ഷരത പദ്ധതിയായ ഇന്ത്യ എന്ന റിപ്പബ്ലിക് പദ്ധതിയുടെ ഭാഗമായി ജനുവരി മൂന്നു മുതല്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍  കലാപരിപാടികള്‍ അവതരിപ്പിച്ചാണ് കലാജാഥ ജില്ലയില്‍ എത്തിയത്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ കലാപരിപാടികള്‍ ആണ് ജാഥയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ഫോക് തിയേറ്റര്‍ ഗ്രൂപ്പായ ജനതയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന വയലാര്‍ ഗാനം പാടുകയും പാടി തീരുന്നതിനകം  അംബേദ്കറുടെ ചിത്രം വരയ്ക്കുകയും ചെയ്തുകൊണ്ടാണ് കലാപരിപാടി ആരംഭിച്ചത്.  തുടര്‍ന്ന് ഭരണഘടനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങള്‍,  ഡോ. സി.രാവുണ്ണിയുടെ ഇത് നമ്മുടെ റിപ്പബ്ലിക് എന്ന ഗാനം,  ഗാന്ധിജിയുടെ ജീവിതവും സമരവും ആവിഷ്‌കരിക്കുന്ന സാഗ ഓഫ് മഹാത്മയുടെ ദൃശ്യാവിഷ്‌കാരം, എന്‍. എസ്  മാധവന്റെ മുംബൈ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള തീയേറ്റര്‍ സ്‌കെച്ച്,  ഭരണഘടനയുടെ മതേതരത്വം എന്ന ആശയം നിലനിര്‍ത്തുന്നതിന് ആഹ്വാനം ചെയ്യുന്ന സുഗതകുമാരിയുടെ ഗാന്ധാരി വിലാപം എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം,  ജോസഫിന്റെ റേഡിയോ എന്ന ഏകപാത്ര നാടകം തുടങ്ങിയ പരിപാടികളാണ് മേളയില്‍ അവതരിപ്പിച്ചത്.

പാട്ടുപാടി ചിത്രം വരച്ച കാര്‍ത്തികേയന്‍ ഏങ്ങണ്ടിയൂര്‍,  ജാഥാ ക്യാപ്റ്റന്‍ അഡ്വക്കേറ്റ് വി. ഡി. പ്രേം പ്രസാദ് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിക്കുകയും ചിത്രം ജില്ലാപഞ്ചായത്തിനു വേണ്ടി ഏറ്റുവാങ്ങുകയും ചെയ്തു.

ഓരോ ജില്ലയിലും മൂന്നു വേദികളിലാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ജില്ലയില്‍ പാലക്കാട് കോട്ടമൈതാനം, ഓങ്ങല്ലൂര്‍,  വാണിയംകുളം എന്നിവിടങ്ങളിലാണ് പരിപാടികള്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് കലാജാഥ കൊല്ലത്ത് പര്യടനം നടത്തിയതിനുശേഷം ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് തിരുവനന്തപുരത്ത് സമാപിക്കും.

പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദേവി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ്,  അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ പാര്‍വ്വതി,  ബഷീര്‍,  സാക്ഷരതാ മിഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ മാരായ വിജയന്‍ മാസ്റ്റര്‍,  ഏലിയാമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.