ബൈപ്പാസ്സ്: കൊമ്മാടി, കളര്‍കോട് ജംഗ്ഷനുകളുടെ വികസനം പൂര്‍ത്തീകരിക്കാനുള്ള നടപടി തുടങ്ങി
ആലപ്പുഴ: ബൈപ്പാസ്സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം തന്നെ കൊമ്മാടി, കളര്‍കോട് ജങ്ഷനുകളുടെ വികസനം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം ജങ്ഷനുകളുടെ വികസനത്തിന്റെ സാധ്യതകള്‍ ആലോചിക്കുന്നതിന് വെള്ളിയാഴ്ച ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍, പൊലീസ്, ആര്.ടി.ഓ, കോണ്ട്രാക്ടര് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം ഇരു ജങ്ഷനുകളിലുമെത്തി വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി. ബൈപ്പാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ ഈ ജങ്ഷനുകളുടെ വികസനത്തിനുള്ള നടപടികളും ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. അപകടസാധ്യതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഇരു ജംഗ്ഷനുകളുടേയും വികസനമാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് രൂപ രേഖ തയ്യാറാക്കുന്നത്. ഇത് മന്ത്രിക്ക് കൈമാറും. തുടര്‍ന്ന് ഗതാഗത തടസ്സമടക്കമുള്ള പ്രശ്നങ്ങങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് കളര്‍കോട്, കൊമ്മാടി എന്നീ ജംഗ്ഷനുകളിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി ബൈപ്പാസിലേക്ക് പ്രവേശിക്കാനുള്ള സംവിധാനങ്ങള്‍ ജംഗ്ഷനുകളുടെ വികസനത്തിലൂടെ നടപ്പാക്കും. പി.ഡബ്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ:സിനി, ആര്.ടി.ഒ ഷിബു കെ.ഇട്ടി, സി.ഐ എം.കെ രാജേഷ്, ബൈപ്പാസ്സ് നിര്‍മ്മിക്കുന്ന കരാറുകാര്‍, മന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ജങ്ഷനുകള്‍ സന്ദര്‍ശിച്ചത്.