ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ ഓൺലൈൻ ഗെയിമുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ പൊട്ടിക്കുന്നവർക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ മനസിലാക്കിക്കുന്നതിനാണ് ഓൺലൈൻ ഗെയിം ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ ബലൂണുകൾ പൊട്ടിക്കുന്നവർക്ക് ഒന്നാം സമ്മാനമായി സ്മാർട്ട് ഫോൺ നൽകും. പത്തു പേർക്ക് പ്രോത്‌സാഹന സമ്മാനവും ലഭിക്കും. ഫെബ്രുവരി 24 വരെയാണ് മത്‌സരം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്.

vimukthikerala.in    ൽ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം പേജിൽ പ്രവേശിക്കാനാവും. തുടർന്ന് ലഹരിക്കെതിരായ പ്രതിജ്ഞ വായിക്കുന്നതോടെ ഗെയിം ആരംഭിക്കും. താഴെ നിന്ന് ഉയരുന്ന ബലൂണുകളിൽ ലഹരി നിറഞ്ഞവ കണ്ടെത്തി തകർക്കണം. പൊട്ടിക്കുന്ന ലഹരി ബലൂണിന്റെ തരം അനുസരിച്ച് പോയിന്റുകൾ ലഭിക്കും. തെറ്റായ ബലൂൺ പൊട്ടിച്ചാൽ നെഗറ്റീവ് പോയിന്റുമുണ്ട്.
ഓൺലൈൻ ഗെയിമിന്റെ ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു. എക്‌സൈസ് അഡീഷണൽ കമ്മീഷണർ ഡി. രാജീവ്, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്സ്.448/2020