സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഏത് സമയവും കണ്‍ട്രോള്‍ റൂമില്‍ നിന്നും സഹായം ആവശ്യപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ 42 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിദേശ രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതിനിടയില്‍ ജില്ലയിലെ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിദേശത്ത് നിന്നും ജില്ലയില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് ഏകോപിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളക്‌ട്രേറ്റില്‍ അവലോകനം ചെയ്തു. പകര്‍ച്ചാ വ്യാധിയെ നേരിടാന്‍ ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊറോണ പ്രതിരോധം മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് പ്രത്യേക ബോധവത്കരണ കാമ്പെയിനുകള്‍ വ്യാപിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പഠനയാത്രകള്‍ക്ക് ഫെബ്രുവരി 14 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വിവിധ പ്രചരണ പരിപാടികള്‍ നടത്തും, ജില്ലയിലെ സ്വകാര്യ ആസ്പത്രികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആസ്പത്രി ജീവനക്കാര്‍ക്കും സുരക്ഷ മുന്‍കരുതലുകള്‍ നല്‍കുവാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക ചോദ്യാവലികള്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് നല്‍കും. ആസ്പത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ആരോഗ്യ വകുപ്പിന്റെ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാവണം. ഇവര്‍ 28 ദിവസം വീടിനുള്ളില്‍ തന്നെ കഴിയേണ്ടതാണെന്നും പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണ വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അതിര്‍ത്തികളില്‍ വാഹന പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് അധികൃതര്‍ വിനോദ സഞ്ചാരികളുടെ യാത്രാ വിവരം അന്വോഷിച്ച് വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ കേന്ദ്രങ്ങള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും ദുരന്ത നിവാരണ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എം നൂന മര്‍ജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കല്‍പ്പറ്റ 04936 206606
മാനന്തവാടി 04935 240390

ജില്ലയില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികളും മുന്‍കരുതലുകളും ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ടീമിനെ നിയമിച്ചത്. സര്‍വ്വെയിലന്‍സ്, ബോധവത്കരണം, അടിസ്ഥാന സൗകര്യം, വിദഗ്ദ പഠനം, ഗതാഗത സൗകര്യം, വകുപ്പ് തല കോര്‍ഡിനേഷന്‍, മനശ്ശാസ്ത്രം തുടങ്ങിയ 15 വിഭാഗങ്ങളിലാണ് ടീമിനെ നിയോഗിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് കളക്‌ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തും. ആവശ്യമെങ്കില്‍ താലൂക്ക് തലത്തിലും പ്രത്യേകം ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.