നിരീക്ഷണവും ജാഗ്രതയും ശക്തമായി തുടരും

കൂടുതൽ നോവൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2528 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2435 പേർ വീടുകളിലും 93 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ആകെ 2528 പേർ നിരീക്ഷണത്തിലുള്ളതിൽ 159 പേർ ബുധനാഴ്ച പുതുതായി നിരീക്ഷണത്തിലായവരാണ്. ഇതിൽ 16 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.

സംശയാസ്പദമായവരുടെ 223 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 193 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. പോസിറ്റിവായ മൂന്ന് പേരുടേയും നില തൃപ്തികരമാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല.
വീടുകളിലെ നിരീക്ഷണം നല്ല നിലയിൽ നടക്കുന്നുണ്ട്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യാൻ സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1696 ടെലിഫോണിക്ക് കൗൺസിലിംഗ് സേവനങ്ങൾ ഇതുവരെ ലഭ്യമാക്കി. പരിശീലന പരിപാടികളും നല്ലരീതിയിൽ നടക്കുന്നു. മറ്റ് വകുപ്പുകളുമായി സഹകരിച്ച് നല്ല പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്‌കൂളുകൾ വഴിയും ബോധവത്ക്കരണം നടക്കുന്നുണ്ട്.

വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണസ്വഭാവം അറിയാനായി വിദഗ്ധ ഡോക്ടർമാരെ ഉൾക്കൊള്ളിച്ച് ഒരു ഗവേഷണം നടത്തിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയിലൂടെ വിലയിരുത്തി. 84 ശതമാനം പേരും വീട്ടിലെ നിരീക്ഷണത്തിൽ തൃപ്തരായിരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും.

മുൻകരുതൽ എന്ന നിലയിൽ മത, സാമുദായിക സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് അവബോധം നൽകാൻ എല്ലാ ജില്ലാ കളക്ടർക്കും നിർദേശം നൽകി. ഇതിന് പുറമേ സ്‌കൂളുകൾ, മൃഗസംരക്ഷണ വിഭാഗം, ഹോട്ടൽ, ഹോംസ്റ്റേ, റിസോർട്ടുകൾ എന്നിവയ്ക്കും മാർഗനിർദേശം നൽകിയിട്ടുണ്ട്.
ചൈനയിലെ ചില യൂണിവേഴ്‌സിറ്റികൾ വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുന്നു എന്ന പരാതി, നോർക്കയുടേയും കേന്ദ്ര സെക്രട്ടറിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ കാലാവധി തീരുന്നത് വരെ കുട്ടികൾക്ക് ഇളവ് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും.

എറണാകുളത്തും തിരുവനന്തപുരത്തും രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്ന രണ്ട് ടൂറിസ്റ്റുകളെ നിരീക്ഷണത്തിലുണ്ട്. വരുന്ന ടൂറിസ്റ്റുകൾക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രമേ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. രാജു, അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെൽ കോ-ഓർഡിനേറ്റർ ഡോ. പി.എസ്. ഇന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.