പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് ഐ.സി.പി.എസ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കം ക്രഷുകള്‍ യാഥാര്‍ത്ഥ്യമാകുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന്റെ സുഗമമായ നടത്തിപ്പിന് 20.59 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ക്രഷ് വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം, പോഷകാഹാരം, കെയര്‍ ഐറ്റംസ്, പരിശീലനം എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

 

തിരുവനന്തപുരം വെള്ളനാട് ഐ.സി.ഡി.എസ് പ്രോജക്ട് അങ്കണവാടി നമ്പര്‍ 91, 76, കൊല്ലം അഞ്ചാലുംമൂട് നമ്പര്‍ 94, ചിറ്റുമല നമ്പര്‍ 13, പത്തനംതിട്ട കുളനട നമ്പര്‍ 40, 72, റാന്നി നമ്പര്‍ 114, ഇലന്തൂര്‍ 24, കോട്ടയം മാടപ്പള്ളി നമ്പര്‍ 76, പാലക്കാട് നെന്മാറ നമ്പര്‍ 20, 18, മലപ്പുറം തിരൂര്‍ നമ്പര്‍ 101, 11, കോഴിക്കോട് പേരാമ്പ്ര നമ്പര്‍ 164, കണ്ണൂര്‍ കണ്ണൂര്‍അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്ട് അങ്കണവാടി നമ്പര്‍ 42 എന്നിവിടങ്ങളിലാണ് ശിശുക്ഷേമ സമിതിയ്ക്ക് കീഴിലുള്ള ക്രഷുകളെ സംയോജിപ്പിച്ച് അങ്കണവാടി കം ക്രഷുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികളുടെ വളര്‍ച്ചയും വികാസവും വളരെ നിര്‍ണായകമാണ്. ഇത്തരം കുട്ടികളുള്ള പല വീടുകളിലേയും അമ്മമാര്‍ ജോലിക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരവസ്ഥയില്‍ ചെറിയ കുട്ടികളെ പല വീട്ടുകാര്‍ക്കും നന്നായി നോക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് അങ്കണവാടി കം ക്രഷ് തുടങ്ങാന്‍ തീരുമാനിച്ചത്.

സംഘടിത, അസംഘടിത മേഖലകളിലും കാര്‍ഷിക മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സുരക്ഷിതമായി പരിചരിക്കുക, അവരുടെ ആരോഗ്യ-പോഷണ നിലവാരം ഉയര്‍ത്തുക, ബൗദ്ധിക, വൈകാരിക, ശാരീരിക വികാസത്തിന് അടിത്തറ പാകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം, അനുപൂരക പോഷകാഹാരം, ഹെല്‍ത്ത് ചെക്കപ്പ്, ഇമ്മ്യൂണൈസേഷന്‍, പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ ഇതിലൂടെ നല്‍കുന്നതാണ്.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരേയാണ് ക്രഷിന്റെ പ്രവര്‍ത്തന സമയം. ഇതുമൂലം ജീവനക്കാര്‍ക്ക് അമിതഭാരം ഉണ്ടാകാതിരിക്കാന്‍ അങ്കണവാടി വര്‍ക്കറും ഹെല്‍പ്പറും, ക്രഷ് വര്‍ക്കറും ഹെല്‍പ്പറും ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത പോഷകമൂല്യങ്ങളുള്ള ഭക്ഷണം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരങ്ങളിലെ ലഘുഭക്ഷണം എന്നിവ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ്.

ജോലിക്ക് പോകുന്ന അമ്മമാരുള്ള വീടുകളിലെ 6 മാസം മുതല്‍ 6 വര്‍ഷം വരെ പ്രായമുള്ള കുട്ടികളുടെ പരിചരണവും വികസനവും ഉറപ്പ് വരുത്തുന്നതിനായി അങ്കണവാടിയോടൊപ്പം ക്രഷ് തുടങ്ങണമെന്ന് ഐ.സി.ഡി.എസ്. മിഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വനിതകളുടെ സ്റ്റിയറിംഗ് കമ്മിറ്റിയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സ്റ്റിയറിംഗ് കമ്മിറ്റിയും അങ്കണവാടികള്‍ അങ്കണവാടി കം ക്രഷ് ആയി ഉയര്‍ത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കൂടിയാണ് പൈലറ്റടിസ്ഥാനത്തില്‍ അങ്കണവാടി കം ക്രഷുകള്‍ ആരംഭിക്കുന്നത്. പഞ്ചായത്തുകളുമായി സഹകരിച്ചാണ് അങ്കണവാടി കം ക്രഷുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഈ പദ്ധതി വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ അങ്കണവാടി കം ക്രഷുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.