സംസ്ഥാനത്തു പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി.
സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു തൊഴിൽ സമയം പുനഃക്രമീകരിച്ചത്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നവിധം പുനഃക്രമീകരിച്ചു.
സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ ലേബർ കമ്മീഷണർക്കു റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശച്ചിട്ടുണ്ട്. 1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴിൽ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.