ഇടുക്കി: മണ്ണില്‍ പൊന്ന് വിളയിച്ച് കുട്ടികര്‍ഷകര്‍ നാടിന് മാതൃകയായി.  കൊയ്ത്ത് പാട്ടിന്റെ ഈരടികള്‍ക്കൊപ്പം താളത്തില്‍ ചുവട് വച്ച്    കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എസ്പിസി യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്. കഞ്ഞിക്കുഴി പാലപ്ലാവില്‍ നടന്ന കുട്ടികര്‍ഷകരുടെ കൊയ്ത്തുത്സവം ഹൈറേഞ്ചിലെ നെല്‍കൃഷിയുടെ പഴയ പ്രതാപകാലത്തിന്റെ  ഓര്‍മ്മപ്പെടുത്തലായി മാറി.

വൈദ്യുതി വകുപ്പ്  മന്ത്രി എംഎം മണി കൊയ്ത്തുത്സവം  ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതിന് മുന്‍പ് താന്‍ കര്‍ഷകനായിരുന്നെന്നും കൃഷി അന്നത്തെ ജീവിതമാര്‍ഗമായിരുന്നെന്നും പറഞ്ഞ മന്ത്രി കാര്‍ഷിക ഓര്‍മ്മകളും പങ്കുവെച്ചു. കേരളീയര്‍ അധ്വാനശീലത്തിലേക്ക് തിരിച്ചുവരണമെന്നും കൂട്ടികളുടെ നെല്‍കൃഷി സമൂഹത്തിന് മാതൃകയാണെന്നും കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി പ്രകാരം പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എസ്പിസി വിദ്യാര്‍ത്ഥികള്‍  വിത്ത് വിതച്ചത്. പഴയരിക്കണ്ടം സ്‌കൂളിലെ അദ്ധ്യാപികയായ ടി.എസ് ജസിമോളുടെ  പാലപ്ലാവിലെ ഒന്നര ഏക്കര്‍  ഭൂമിയാണ് കുട്ടികള്‍ക്ക് കൃഷിക്കായ് നല്‍കിയത്. പഠനത്തെ ബാധിക്കാത്ത രീതിയില്‍ രാവിലെയും വൈകിട്ടുമായാണ് കൃഷിയ്ക്ക് കണ്ടെത്തിയത്.

കുറഞ്ഞ ചിലവില്‍ തികച്ചും ജൈവരീതിയില്‍ ലാഭകരമായി നെല്‍കൃഷി നടത്തുവാന്‍ കഴിയുമെന്ന് തെളിയിക്കുന്നതിനൊപ്പം നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തി. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന  സന്ദേശം കൂടിയാണ്  കുട്ടികര്‍ഷകര്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്. 130 ദിവസം കൊണ്ട് മൂപ്പെത്തുന്ന ചുമന്ന ഇത്തികണ്ണപ്പന്‍ എന്ന പരമ്പരാഗത വിത്തിനമാണ് കൃഷിക്ക് ഉപയോഗിച്ചത്. പരമ്പരാഗത നെല്‍ക്കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ മറഞ്ഞത് ഹൈറേഞ്ചിന്റെ നെല്‍ക്കലവറയാണ്. കുട്ടികര്‍ഷകരുടെ കൊയ്ത്തുത്സവം ഹൈറേഞ്ചിലെ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക്  പുതുപ്രതീക്ഷയാണ്  നല്‍കുന്നത്. വിളവെടുപ്പിന് സാക്ഷികളായി രക്ഷകര്‍ത്താക്കളും നാട്ടുകാരും അടക്കം നിരവധിപേര്‍ എത്തിയിരുന്നു.

വെണ്‍മണി പാലപ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിച്ചു.  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, വൈസ് പ്രസിഡന്റ് ജോസ് പൗലോസ് ഊരക്കാട്ടില്‍, തൊടുപുഴ ഡിവൈഎസ്പി കെപി ജോസ്,   ത്രിതലപഞ്ചായത്തംഗങ്ങളായ വിഷ്ണു കെ ചന്ദ്രന്‍, അഗസ്തി അഴകത്ത്, സന്തോഷ്  കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്,  പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെസ്മിസ്ട്രസ് സുജാത കെ.വി, പോലീസ്, കൃഷി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  കഞ്ഞിക്കുഴി സിവില്‍ പോലീസ് ഓഫീസര്‍ എ.ജെ ജയന്‍, എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുനില്‍ ടി തോമസ്, പിടിഎ പ്രസിഡന്റ് അരുണ്‍ മാത്യു എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി.