*സീറോ വേസ്റ്റ് ആക്ഷൻ പ്ലാൻ മന്ത്രിക്ക് കൈമാറി

ഇാ വർഷം ആഗസ്റ്റ് 15 -ഓടെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള  ‘തിരുവനന്തപുരം പ്രഖ്യാപന’വുമായി നഗരസഭ. വികേന്ദ്രീകൃത മാലിന്യ പരിപാലന സംവിധാനങ്ങൾ ഉപയോഗിച്ച് സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന നഗരങ്ങളുടെ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് തിരുവനന്തപുരം നഗരസഭ ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന സമാപന സമ്മേളനത്തിൽ തിരുവനന്തപുരം പ്രഖ്യാപനം കർമ്മ പദ്ധതി തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി.മൊയ്തീന് മേയർ കെ.ശ്രീകുമാർ കൈമാറി. മാലിന്യ സംസ്‌കരണത്തിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഏറ്റവും വലിയ ചുമതലയെന്നും ജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിൽ തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സെപ്‌റ്റേജ് മാലിന്യ സംസ്‌കരണത്തിനുളള സംവിധാനം സർക്കാർ സജ്ജമാക്കും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയെ സമ്പൂർണ്ണമായി മാലിന്യ രഹിതമാക്കുന്നതിനുളള കർമ്മപദ്ധതിയാണ് തിരുവനന്തപുരം പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വികേന്ദ്രികൃത/ഉറവിടമാല്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. വീടുകളിലെ ജൈവമാലിന്യ പരിപാലത്തിനായി 15,000ൽ അധികം ബയോകപോസ്റ്റിംഗ് ബിന്നുകൾ സ്ഥാപിച്ചു ഇതുകൂടാതെ ജൂൺ മാസത്തോടെ 50,000 ബയോകമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിക്കും. എയിറോബിക്ക് ബിന്നുകൾ 54 കേന്ദ്രങ്ങളിൽ നിന്നും 200 ആയി വർദ്ധിപ്പിക്കും. കൂടാതെ 200 പോർട്ടബിൾ ഏയിറോബിക്ക് ബിന്നുകൾ സ്ഥാപിക്കും.

യു.എൻ.ഡി.പിയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് റിസൈക്ലിങ്ങ് പ്ലാന്റ് ആരംഭിക്കും. നഗരത്തിലെ ഡ്രൈവേയ്സ്റ്റ് സെഗ്രിഗേഷൻ കളക്ഷൻ ഹബ്ബുകൾ 200 ആയി വർദ്ധിപ്പിക്കും. ‘കത്തിക്കൽ ഒഴിവാക്കണം’ എന്ന ക്യാമ്പയിന്റെ ഭാഗമായി സ്ഥാപിച്ച കരിയില സംഭരണികളുടെ എണ്ണം മെയ് മാസത്തോടെ 100 ആയി വർദ്ധിക്കും.

നഗരത്തിൽ നിലവിലുളള പാളയം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ മാലിന്യ കേന്ദ്രങ്ങൾ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ബയോമൈനിംഗ് നടത്തും. ഗ്രീൻആർമി സംവിധാനം പ്രയോജനപ്പെടുത്തി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കും. ആയിരം മെന്റർമാരെ ഈ പരിപാടിക്കായി പരിശീലിപ്പിക്കും. ഇവർ നഗരത്തിലെ സ്‌കൂൾ കോളേജ് വിദ്യാർഥികളിൽ നിന്നും 12500 പേരെ പരിശീലിപ്പിക്കും. ഇവരിലൂടെ നഗരത്തിലെ രണ്ടേകാൽ ലക്ഷം വീടുകളിൽ സീറോ വേസ്റ്റിന്റെ സന്ദേശം എത്തിക്കും.
വിവരസാങ്കേതിക വിദ്യയും കാര്യക്ഷമമായി പ്രയോജനപ്പെടുത്തും. നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം, ഗ്രീൻ ട്രിവാൻഡ്രം മൊബൈൽ ആപ്പുകൾ നഗരവാസികളിൽ എത്തിക്കുന്നതിന് ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.

നഗരസഭ രണ്ടു ദിവസങ്ങളിലായി യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ നിന്നും ക്രോഡീകരിച്ച ഈ കരട് ആക്ഷൻ പ്ലാൻ കൃത്യമായ സമയക്രമം നിശ്ചയിച്ച് കൗൺസിലിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് മേയർ കെ.ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൗൺസിലിന്റെ അനുമതിയോടുകൂടി മാർച്ച് മാസത്തോടെ കർമ്മപദ്ധതിയ്ക്ക് തുടക്കം കുറിക്കും. സമാപന സമ്മേളനത്തിൽ വി.കെ.പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സെക്രട്ടറി എൽ.എസ്.ദീപ തുടങ്ങിയവർ സംബന്ധിച്ചു.