തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ശ്രുതിതരംഗം പദ്ധതിയ്ക്ക് പുറത്തുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ അനുബന്ധ ഉപകരണങ്ങളുടെ മെയിന്റനന്‍സിന് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ച്ചയായ ഉപയോഗം കാരണം കേള്‍വി ശക്തിക്ക് സഹായിക്കുന്ന പ്രോസസറിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാറുണ്ട്. ഇതിന്റെ മെയിന്റനന്‍സിന് വലിയ തുകയാണ് വേണ്ടിവരുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഇതേറെ പ്രയാസമുണ്ടാക്കുന്നു. ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തവര്‍ക്ക് നിലവില്‍ ഉപകരണങ്ങള്‍ക്ക് വാറന്റി ലഭിക്കുന്നുണ്ട്. അതിനാല്‍ ശ്രുതിതരംഗം പദ്ധതിക്ക് വെളിയിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ക്ക് കോക്ലിയാര്‍ സഹായ ഉപകരണം, സ്പീച്ച് പ്രോസസര്‍ എന്നിവയ്ക്കുള്ള സേവനത്തിനും പരിപാലനത്തിനും ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും സഹായം നല്‍കുക. ഇതിനായുള്ള അപേക്ഷയും മറ്റു നടപടികളും സാമൂഹ്യ സുരക്ഷ മിഷന്‍ വഴിയായിരിക്കും നടപ്പിലാക്കുക. സ്റ്റേറ്റ് ലെവല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നേരത്തെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കഴിഞ്ഞവരായിരിക്കണം. 25 വയസ് വരെയുള്ളവര്‍ക്കാണ് സൗജന്യമായി സഹായം നല്‍കുക.

ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷര്‍ സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ച്ചയായ ആഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കിക്കൊടുക്കുന്നതാണ് ശ്രുതിതരംഗം പദ്ധതി. ഇതിന്റെ തുടര്‍ച്ചയായി ഉപകരണങ്ങളുടെ മെയിന്റനന്‍സിന് സഹായം ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.