* ജംഗ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നു
* ജൈവകൃഷിക്കായി സമഗ്ര പദ്ധതി

വട്ടിയൂര്‍ക്കാവുകാരുടെ ഏറെക്കാലത്തെ സ്വപ്നമായ വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ. ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന്റെ അലൈന്‍മെന്റ് മാര്‍ക്ക് ചെയ്യുന്ന പ്രാഥമിക പ്രവര്‍ത്തികള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. മാര്‍ച്ച് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.

റവന്യൂ ടവര്‍ നിര്‍മാണവും വേഗത്തിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വട്ടിയൂര്‍ക്കാവിന്റെ സമഗ്ര വികസനത്തിനായി 54 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. ആകെ 250 കോടി രൂപയുടെ വികസനമാണ് വട്ടിയൂര്‍ക്കാവില്‍ നടക്കാന്‍ പോകുന്നത്. മണ്ഡലത്തിലെ 24 റോഡുകളുടെ ടാറിംഗ് പൂര്‍ത്തിയായതായും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ഡലത്തിന്റെ എല്ലാഭാഗത്തും കൃഷി വകുപ്പും നഗരസഭയും സംയുക്തമായി ജീവനി പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലെയും തരിശുഭൂമിയുടെ കണക്കെടുത്ത് അവിടെ ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കൂടാതെ സൗജന്യമായി വിത്തും തൈകളും നല്‍കും.

മണ്ഡലത്തില്‍ ആരംഭിക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ മുന്‍ബെഞ്ചിന്റെ ഉദ്ഘാടനവും വട്ടിയൂര്‍ക്കാവ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ കെട്ടിടനിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 22ന് നടക്കും. അവധിക്കാല ക്യാമ്പുകള്‍, എല്ലാ ക്ലാസ്മുറികളിലും ലൈബ്രറി, ഗ്രീന്‍ ആര്‍മിയുടെയും ബൈസൈക്കിള്‍ ബ്രിഗേഡിന്റെയും യൂണിറ്റുകള്‍, ഡിജിറ്റല്‍ ക്ലബ്, കായിക പരിശീലനം, പ്രീപ്രൈമറിയുടെ ശാക്തീകരണം എന്നിവയാണ് മുന്‍ബെഞ്ച് പദ്ധതിയുടെ ലക്ഷ്യം.

മണ്ഡലത്തിലെ ഹോട്ടലുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍, തട്ടുകടകള്‍ എന്നിവിടുങ്ങളിലെ തൊഴിലാളികള്‍ക്ക് മൂന്നു ദിവസത്തെ സ്‌കില്‍ ട്രെയിനിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം നേടുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും യൂണിഫോം കിറ്റും 500 രൂപയും  നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു.