ആരോഗ്യ വകുപ്പും കുടുംബശ്രീയും അങ്കണവാടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കുഷ്ഠരോഗ ബോധവത്ക്കരണം ശക്തമാക്കുവാന്‍ കഴിയുമെന്നും പ്രാരംഭത്തിലെ ചികിത്സ ഉറപ്പാക്കി 2020ഓടെ രോഗം നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. കുഷ്ഠ രോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പബ്ലിക് ലൈബ്രറി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ ഡോ.ബി. എസ്. തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഐസിഡിസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെവി, അസി. ലെപ്രസി ഓഫീസര്‍ കെ. മുരളീധരന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എന്‍. പ്രിയ, ഡോ.രാജന്‍, എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍. വിദ്യാധരന്‍ സ്വാഗതവും മാസ്സ് മീഡിയ ഓഫീസര്‍ ഡോമി ജെ നന്ദിയും പറഞ്ഞു. രാവിലെ 10 ന് കളക്‌ട്രേറ്റില്‍ നിന്നാരംഭിച്ച ബഹുജനറാലി ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ യുവജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവല്‍ക്കരണ കലാരൂപങ്ങളും റാലിക്ക് അകമ്പടിയായി. റാലിയില്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ക്ക് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഗാന്ധിനഗറിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാമതെത്തി.

ആരോഗ്യ വകുപ്പും കുടുംബശ്രീമിഷനും സംയുക്തമായി 15,000 അയല്‍ക്കൂട്ടങ്ങളിലൂടെയാണ് ബോധവല്‍ക്കരണം നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താന്‍ മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കു പരിശീലനം നല്‍കി കുഷ്ഠരോഗലക്ഷണങ്ങള്‍ ഉളള കുടുബാംഗങ്ങളെ കണ്ടെത്തി ആരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്ന പരിപാടിയാണ് നടപ്പിലാക്കുന്നത്. ഫെബ്രുവരി മൂന്നിനും നാലിനും ആണ് 15,000 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നത്. രോഗലക്ഷണങ്ങളെക്കുറിച്ചും രോഗം പകരുന്ന രീതിയെക്കുറിച്ചും ജനങ്ങളില്‍ പ്രാഥമിക അവബോധം നല്‍കലാണ് പരിപാടിയുടെ ലക്ഷ്യം. വരും ദിനങ്ങളില്‍ മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്തലങ്ങളിലും സെമിനാറുകള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവയും പക്ഷാചരണത്തിന്റെ ഭാഗമായി നടത്തും.