ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത ലൈറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സമീപത്ത് പൊങ്കാല അർപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണം. ട്രാൻസ്‌ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്.

ട്രാൻസ്‌ഫോർമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്. വൈദ്യുതി പോസ്റ്റിനു ചുവട്ടിലും വൈദ്യുത ലൈനുകൾക്കിടയിലും പൊങ്കാലയിടാൻ അനുവദിക്കരുത്. ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഗുണനിലവാരം ഉള്ള വൈദ്യുതി വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ മാത്രം ഉപയോഗിക്കുക. ഉത്സവവേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ, അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം.

വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ/ ദീപാലങ്കാരങ്ങൾ/ വയറുകൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണം. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ ദീപാലങ്കാരങ്ങൾ ചെയ്യരുത്. വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, കമാനങ്ങൾ പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കരുത്. വൈദ്യുത ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ എറിയുകയോ ചെയ്യരുത്.

താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേൻമയുള്ള ഇ.എൽ.സി.ബി (30 മില്ലി ആമ്പിയർ) സ്ഥാപിക്കുക.  മുള തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം. വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകൾ, വൈദ്യുത ലൈനുകൾക്ക് താഴെ വാഹനത്തിൽ കൊണ്ടുപോകരുത്. ഫ്‌ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക. വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക, അനധികൃതമായ വയറിംഗ് നടത്താതിരിക്കുക, തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക. വൈദ്യുതലൈൻ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അറിയിക്കണം.