* സംസ്ഥാനത്താകെ രണ്ട് ലക്ഷം വീട്, പ്രഖ്യാപനം 29ന്

ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 30,000ലധികം പേര്‍ക്ക് വീട് ലഭിച്ചു. സംസ്ഥാനത്താകെ രണ്ട് ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 29ന് പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിക്കും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സമാനതകളില്ലാത്ത നേട്ടമാണ് സര്‍ക്കാരിന് കൈവരിക്കാനായത്. പ്രാദേശിക തലത്തില്‍ അര്‍ഹരായവരെ കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കിയതിനൊപ്പം അവര്‍ക്ക് ആവശ്യമായ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും  സ്വീകരിച്ചിരുന്നു. ഇതിനായി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തുകളും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടന്നു.  ഈ അദാലത്തുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജീകരിക്കുകയും സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്തു. അറിവില്ലായ്മ കൊണ്ടോ മറ്റുകാരണങ്ങളാലോ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാതിരിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനാണ് അദാലത്തുകളിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. മറ്റ് പദ്ധതികളില്‍ ഭവനനിര്‍മ്മാണം നടക്കുകയും എന്നാല്‍ പൂര്‍ത്തികരിക്കപ്പെടാതെ പോകുകയും ചെയ്ത ജില്ലയിലെ വീടുകള്‍ കണ്ടെത്തി നവീകരിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു.

മണ്‍കുടിലില്‍ നിന്നും സ്വപ്നഭവനത്തിലേക്ക് ശ്രീകുമാര്‍

പള്ളിച്ചല്‍ പഞ്ചായത്തിലെ പാരൂര്‍ക്കുഴിയില്‍ മണ്‍കുടിലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്രീകുമാറിനും കുടുംബത്തിനും പ്രതീക്ഷയുടെ പുതുവെളിച്ചം. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഇവര്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടായി. അടച്ചുറപ്പുള്ള പുത്തന്‍ ഭവനമെന്നത് സ്വപ്നം മാത്രമായിരുന്നു ഇത്രയും കാലം.  അമ്മൂമ്മ, അച്ഛന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് ശ്രീകുമാറിന്റെ കുടുംബം.  വര്‍ഷങ്ങളായി ആറുപേരും മണ്‍കുടിലില്‍ വീര്‍പ്പുമുട്ടി ജീവിച്ചത് ശ്രീകുമാര്‍ ഓര്‍ക്കുന്നു.
ആദ്യ കുഞ്ഞ് അസുഖബാധിതയാണ്. എട്ടാം മാസംതൊട്ട് മാറാരോഗം പിടിപെട്ട് കഷ്ടപ്പെടുകയാണ് ആ കുഞ്ഞ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതിനാല്‍ അധികം കായികക്ഷമത ആവശ്യമുള്ള ജോലിക്ക് പോകാന്‍ ശ്രീകുമാറിന് കഴിയുമായിരുന്നില്ല. അങ്ങനെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുക്ക് ശ്രീകുമാറിന് സ്വന്തം വീട് എന്നത് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വരുന്നത്. പദ്ധതിയെപ്പറ്റി ശ്രീകുമാര്‍ അറിയുകയും കുടുംബശ്രീ വഴി അപേക്ഷിക്കുകയും ചെയ്തു. ശ്രീകുമാറിന്റെ അപേക്ഷ പരിഗണിക്കുകയും പദ്ധതി പ്രകാരമുള്ള നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.  അതുപയോഗിച്ചു വാസയോഗ്യമായ ഒരു കൊച്ചു മനോഹര ഭവനം പണിത് കുടുംബത്തോടെ ശ്രീകുമാര്‍ അങ്ങോട്ട് താമസം മാറുകയും ചെയ്തു.  ഒരുപക്ഷെ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യം ജീവിതത്തില്‍ സംഭവിച്ചതിന്റെ അത്ഭുതത്തിലും സന്തോഷത്തിലുമാണ് ശ്രീകുമാറും കുടുംബവും ഇന്ന്.