എക്‌സൈസ് വകുപ്പിന്റെ  നേതൃത്വത്തില്‍ നടക്കുന്ന വിമുക്തി ബോധവത്കരണങ്ങളിലൂടെ നിരവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.  വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ എന്ന പേരില്‍ നടപ്പിലാക്കിയ തീവ്രയജ്ഞ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി.

കൃത്യമായ ബോധവത്കരണങ്ങളിലൂടെ ലഹരിക്ക് അടിമയായവരെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ വിമുക്തിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിക്കാന്‍  മദ്യം, മയക്കുമരുന്ന്,  പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങിനോടനുബന്ധിച്ച് കോമഡി ഉത്സവം ടീമിന്റെ  മെഗാഷോ, ലഹരി വിരുദ്ധ സ്‌കിറ്റ്, സുംബ ഫിറ്റ്‌നസ്, വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു.

വിമുക്തി മിഷന്‍ ചെയര്‍പേഴ്‌സനും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സി രാധാമണി അധ്യക്ഷയായി. അഡ്വ കെ സോമപ്രസാദ് എം പി, എം നൗഷാദ് എം എല്‍ എ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ വിനീത വിന്‍സന്റ്, എഫ് സി ഡിപി ഡയറക്ടര്‍ ഫാ ജോബി സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജെ താജുദ്ദീന്‍ കുട്ടി, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ രാജു, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.