തൃശ്ശൂർ: മണ്ഡലത്തിൽ ആവശ്യപ്പെട്ട മുഴുവൻ വിദ്യാലയങ്ങൾക്കും പാചകപ്പുര അനുവദിച്ച് കയ്പമംഗലം അസംബ്ലിമണ്ഡലം കേരളത്തിന് മാതൃകയാവുന്നു. കഴിഞ്ഞ അധ്യായന വർഷത്തിൽ 42 സ്‌കൂളുകൾക്ക് പാചകപുര നിർമ്മിച്ച് നൽകിയിരുന്നു.
ഈ വർഷം 14 സ്‌കൂളുകൾക്ക് കൂടി ഫണ്ട് അനുവദിച്ചതോടെ മണ്ഡലത്തിൽ വൃത്തിയും സൗകര്യവുമുള്ള പാചകപ്പുരകൾ പൂർണ്ണമാകുകയാണ്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് വർഷങ്ങളിലായി 2.87 കോടി ഉപയോഗിച്ചാണ് പാചകപ്പുരകൾ നിർമ്മിച്ചിരിക്കുന്നത്. എം എൽ എ കൊടുക്കുന്ന തുകയോടൊപ്പം 20 ശതമാനം തുക സ്‌കൂൾ ഭാരവാഹികൾ വഹിക്കണം. ഇതുമായി ബന്ധപ്പെട്ട് മതിലകം ബി ആർ സി യിലെ പ്രധാന അധ്യാപകർ, സ്‌കൂൾ മാനേജ്മെന്റ്, എ ഇ ഒ, ബി പി ഒ, തുടങ്ങിയവരുടെ യോഗം എം എൽ എ വിളിച്ചു ചേർത്തു. വരും അധ്യായന വർഷത്തിനുള്ളിൽ പാചകപ്പുരകൾ പൂർത്തിയാക്കുമെന്നും എം എൽ എ അറിയിച്ചു.