അടുത്ത വർഷം കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും: റവന്യൂ മന്ത്രി
അടുത്ത വർഷത്തോടെ കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ക്ഷീരവികസന സംഗമത്തിന്റേയും ആനന്ദ് മാതൃക സഹകരണ പ്രസ്ഥാനത്തിന്റെ നാല്പതാം വാർഷികത്തിന്റെയും ഉദ്ഘാടനം കനകക്കുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും വില നൽകി പാൽ സംഭരിക്കുന്നത് കേരളത്തിലാണ്. ക്ഷീര രംഗത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പാലിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുകയും വിൽപന വ്യാപകമാക്കുകയും വേണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ഷീരവികസന മന്ത്രി കെ.രാജു പറഞ്ഞു.
സേവന മേഖലയിലെന്നപോലെ ഉത്പാദന മേഖലയിലും കേരളം മുന്നേറ്റം നടുത്തുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ, മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിടാരി പാർക്ക് ധനസഹായ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉത്പാദനമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു.
ക്ഷീരകർഷക സംഗമം സ്മരണികയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. ലൈവ് സ്റ്റോക്ക് ഷോയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആളായിരുന്നു ഡോ. വർഗീസ് കുര്യനെന്ന് മകൾ നിർമ്മല കുര്യൻ അനുസ്മരിച്ചു.
ചടങ്ങിൽ നിർമ്മല കുര്യനെ ആദരിച്ചു. ക്ഷീരമേഖലയിലെ വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ, ക്ഷീര കർഷക ബോർഡ് ചെയർമാൻ എൻ. രാജൻ, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ ,ക്ഷീര വികസ വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.