കാക്കനാട്: കച്ചേരിപ്പടിയില്‍ ബസ് ബേ നിര്‍മിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശചെയ്യും. ആക്ടിംഗ്‌
ചെയര്‍മാന്‍ പി മോഹന്‍ദാസിന്റെ  നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ അഡ്വക്കറ്റ്  എം ആര്‍ രാജേന്ദ്രന്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിനു വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ തീരുമാനം.  കച്ചേരിപ്പടിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗതാഗതസംവിധാനം കാല്‍നടക്കാര്‍ക്കും സെന്റ് ബെനഡിക്റ്റ് റോഡിലെ താമസക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്ന്്് പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് ബസ് ബേ നിര്‍മിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.
ഒരു വസ്ത്ര നിര്‍മാണ കമ്പനിയില്‍ രണ്ടുവര്‍ഷത്തിലധികം ജോലിചെയ്തിട്ടും ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന സോജന്‍ ചാക്കോയുടെ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടു.
ഐഎസ്എലില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് മാത്രം നല്‍കിയതിനാല്‍ കരിഞ്ചന്തയ്ക്കും സാധ്യതതെളിച്ചുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. മറുപടി നല്‍കാന്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പനമ്പിള്ളി നഗറില്‍ പേരണ്ടൂര്‍ കനാല്‍ പരിസരത്ത് നഗരസഭാ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയുള്ള പരാതിയും കമ്മീഷന്‍ പരിഗണിച്ചു. മാലിന്യനിക്ഷേപത്തെക്കുറിച്ചും പേരണ്ടൂര്‍ കനാല്‍ ശുചീകരണത്തെക്കുറിച്ചു നഗരസഭയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു.
ആകെ പരിഗണിച്ച  137 കേസുകളില്‍ 24 എണ്ണം കമ്മീഷന്‍ തീര്‍പ്പാക്കി.